മാഡ്രിഡിനോട് വിടപറഞ്ഞ് മാഴ്സലോ, പടിയിറങ്ങുന്നത് ക്ലബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി
റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മാഴ്സലോ ക്ലബിന്റെ പടിയിറങ്ങി. നീണ്ട 15 വർഷത്തെ കരിയറിന് തിരശീലയാണ് ഇതോടെ വീണത്. റയലിനൊപ്പം 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് ബ്രസീല്‍ താരം ടീം വിടുന്നത്. 2007-ല്‍ ബ്രസീലിലെ ഫ്ളൂമിനന്സില് നിന്നാണ് മാഴ്സലോയെ റയല്‍ സ്വന്തമാക്കിയത്.
റയലുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുന്നതോടെ താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ലെഫ്റ്റ് ബാക്കായ മാഴ്സലോ റയലിനുവേണ്ടി 545 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞു. 38 ഗോളുകള്‍ നേടിയ താരം 103 അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചു. എന്നാൽ സ്പാനിഷ് ക്ലബിൽ നിന്നും പടിയിറങ്ങുകയാണെങ്കിലും ഫുട്ബോളിൽ നിന്നും വിരമിക്കുന്നില്ലെന്നും മാഴ്സലോ വ്യക്തമാക്കിയിട്ടുണ്ട്. 34 കാരനായ മാഴ്സലോയെ സ്വന്തമാക്കാന്‍ ടര്‍ക്കിഷ് ക്ലബ്ബായ ഫെനെര്ബാക്കും ഫ്രഞ്ച് ക്ലബ്ബ് മാഴ്സെലിയും രംഗത്തുണ്ട്.