ഗ്വാർഡിയോളക്കു കീഴിൽ സൂപ്പർസ്റ്റാറാവാൻ അർജന്റീനിയൻ താരം ജൂലിയൻ അൽവാരസ്
പോയ സീസണിൽ മുൻനിര സ്ട്രൈക്കർ ഇല്ലാതെ കളിച്ച മാഞ്ചസ്റ്റർ സിറ്റി വരാനിരിക്കുന്ന സീസണിലേക്കായി ടീമിൽ എത്തിച്ചിരിക്കുന്നത് രണ്ട് താരങ്ങളെയാണ്. അതും സ്ട്രൈക്കർ റോളിലേക്ക് രണ്ട് പുതിയ യുവതാരങ്ങൾ. ഒരാൾ പേരുകേട്ട എർലിംഗ് ഹാലൻഡാണെങ്കിൽ രണ്ടാമൻ അർജന്റീന സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസാണ്.
ഹാലൻഡിനെ ടീമിലെത്തിച്ച വിവരം മാൻ സിറ്റി ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോൾ ജനുവരിയിൽ തന്നെ റിവർപ്ലേറ്റ് താരമായ ജൂലിയൻ അൽവാരസിനെ വാങ്ങിയ കാര്യം ക്ലബ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം താരത്തിനെ റിവർപ്ലേറ്റിൽ തന്നെ ലോൺ കരാറിൽ കളിപ്പിക്കുകയുമായിരുന്നു. അർജന്റീനിയൻ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഇരുപത്തിരണ്ടു വയസുള്ള ജൂലിയൻ അൽവാരസിനെ 14 മില്യൺ പൗണ്ട് നൽകിയാണ് പെപ് ഗ്വാർഡിയോള സ്വന്തമാക്കിയത്.
താരം ഉടൻ തന്നെ സിറ്റിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കുകയും ചെയ്യും. അർജന്റീന താരം അൽവാരസ് ഗ്വാർഡിയോളക്കു കീഴിൽ സൂപ്പർസ്റ്റാർ ആയി മാറുമെന്നാണ് സഹതരാവും പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പറുമായ എമിലിയാനോ മാർട്ടിനസിന്റെ അഭിപ്രായം. ഇന്റർനാഷണൽ മത്സരങ്ങൾക്കു തൊട്ടു മുൻപ് കോപ്പ ലിബർട്ടഡോസിൽ റിവർ പ്ലേറ്റിനായി ഒരു മത്സരത്തിൽ ആറു ഗോളുകളും താരം നേടി ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു.






































