ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ
ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബോളറാണ് ആൻഡേഴ്സൺ. നോട്ടിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ ന്യൂസിലൻഡ് താരം ടോം ലാതമിനെ ക്ലീൻ ബൗൾഡാക്കിയാണ് ജെയിംസ് ആൻഡേഴ്സൺ ഈ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്.
800 ടെസ്റ്റ് വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയൻ സ്പിൻ എയ്സ് ഷെയ്ൻ വോൺ 708-ാം സ്ഥാനത്തുമുള്ളതാണ് ആൻഡേഴ്സൺ ഇനി താണ്ടാനുള്ളത്. അതേസമയം 619 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയാണ് ഈ നേട്ടത്തിൽ നാലാം സ്ഥാനത്തുള്ളത്. . 563 വിക്കറ്റുകളുമായി ഗ്ലെൻ മഗ്രാത്ത് ഈ എലൈറ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആൻഡേഴ്സണിന്റെ സഹതാരമായ ഇംഗ്ലീഷ് വെറ്ററൻ സ്റ്റുവർട്ട് ബ്രോഡ് ഇതുവരെ 543 വിക്കറ്റുകളുമായി പിന്നാലെയുണ്ട്.
ഈ വർഷമാദ്യം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം 39 കാരനായ ആൻഡേഴ്സണും ബ്രോഡും ന്യൂസിലാൻഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ലോർഡ്സിൽ നടന്ന ആദ്യ മത്സരത്തിൽ ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ആദ്യ ഇലവനിൽ ഇടംപിടിച്ചു. പത്ത് വിക്കറ്റ് വീഴ്ത്തി ത്രീ ലയൺസിനെ വിജയത്തിലേക്ക് നയിക്കാനും ഇരുവർക്കും സാധിച്ചിരുന്നു.






































