ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഇന്ത്യ നേടിയ 148 റൺസിനെ 10 പന്ത് ബാക്കി നിൽക്കേ മറികടന്ന പ്രോട്ടീസ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി.
46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യൻ ബോളർമാരെ നേരിടുന്നതിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തുടക്കത്തിൽ പതറുകയായിരുന്നു. ആദ്യ ആറോവറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മേൽകൈ നേടി.
റീസ ഹെൻഡ്രിക്സ് (4), ഡ്വെയ്ൻ പ്രിട്ടോറിയസ് (4), റാസി വാൻ ഡെർ ഡസ്സൻ (1) എന്നിവരാണ് നിരാശപ്പെടുത്തിയത്. എന്നാൽ ഒരു വശത്ത് പിടിച്ചു നിന്ന ഓപ്പണറും നായകനുമായ ടെമ്പ ബാവുമയെ കൂട്ടുപിടിച്ച് ഹെൻറിച്ച് ക്ലാസൻ അടിച്ചു തകർത്തു. ഇരുവരും ഇന്ത്യന്‍ ബോളര്‍മാരെ അനായാസം നേരിടാന്‍ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുത്തു. 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബവൂമയെ പുറത്താക്കി 13-ാം ഓവറിൽ യൂസ്വേന്ദ്ര ചാഹൽ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയെങ്കിലും പിന്നീടെത്തിയ ഡേവിഡ് മില്ലറും ക്ലാസനും ചേർന്ന് പ്രോട്ടീസിനെ അനായാസം വിജയത്തിലെത്തിച്ചു.
ഹെന്റിച്ച് ക്ലാസൻ 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്തപ്പോൾ ഡേവിഡ് മില്ലർ 15 പന്തിൽ നിന്നും 20 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.






































