ഫെർലാൻഡ് മെൻഡിയെ നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും
റയൽ മാഡ്രിഡ് ലെഫ്റ്റ്-ബാക്ക് ഫെർലാൻഡ് മെൻഡിയെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും. ഫ്രഞ്ച് താരത്തെ മികച്ച തുക ലഭിച്ചാൽ വിട്ടുനൽകാൻ റയൽ തയാറായേക്കുമെന്നാണ് സൂചനയും. പരിക്കിന്റെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും 27 കാരനായ താരം കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ലാ ലിഗ കിരീടവും ചാമ്പ്യൻസ് ലീഗും നേടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
പ്രതിരോധത്തിലും അറ്റാക്കിംഗിലും മെൻഡി വളരെ ഉപയോഗപ്രദമായിരുന്നു. 35 മത്സരങ്ങളിൽ അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്യാനും താരത്തിന് സാധിച്ചിരുന്നു. പുതിയ സൈനിംഗ് അന്റോണിയോ റൂഡിഗർ സെന്റർ ബാക്കിൽ എഡർ മിലിറ്റാവോയ്ക്കൊപ്പം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ ഡേവിഡ് അലാബ ലെഫ്റ്റ് ബാക്കിലേക്ക് മാറുകയും മെൻഡിയുടെ സ്ഥാനം ബെഞ്ചിലാവുകയും ചെയ്യും.
ആയതിനാൽ മികച്ച തുക ലഭിച്ചാൽ മെൻഡിയെ പുറത്താക്കുന്ന കാര്യം റയൽ ചിന്തിച്ചേക്കും. ലൂക്ക് ഷോയ്ക്ക് പകരക്കാരനായി ഫെർലാൻഡ് മെൻഡിയെ യുണൈറ്റഡ് പരിഗണിക്കുമ്പോൾ ക്ലബു വിടുന്ന മാർക്കസ് അലോൻസോയ്ക്ക് പകരക്കാരനായാണ് ഫ്രഞ്ച് താരത്തെ ചെൽസി നോട്ടമിട്ടിരിക്കുന്നത്.