ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും പരിക്കേറ്റ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം പുറത്ത്, കിവീസിന് തിരിച്ചടി
ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോമിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതോടെ ന്യൂസിലൻഡിന് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പരിക്കേറ്റ താരം സുഖം പ്രാപിക്കാൻ ഏകദേശം 10 മുതൽ 12 ആഴ്ച വരെ എടുക്കുമെന്നതിനാലാണ് വരുന്ന മത്സരങ്ങളിൽ നിന്നും കോളിൻ ഡി ഗ്രാൻഡ്ഹോമിനെ ഒഴിവാക്കാൻ കിവീസ് നിർബന്ധിതരായിരിക്കുന്നത്.
ഹെൻറി നിക്കോൾസിന്റെ പകരക്കാരനായി ആദ്യം കൊണ്ടുവന്ന മൈക്കൽ ബ്രേസ്വെല്ലിനെയാണ് കോളിൻ ഡി ഗ്രാൻഡ്ഹോമിന് പകരമായി ടീമിലെത്തുക. നിക്കോൾസ് കൊവിഡ്-19 പോസിറ്റീവായതോടെയാണ് ബ്രേസ്വെല്ലിനെ ആദ്യം ടീമിൽ ഉൾപ്പെടുത്തിയത്.
ലോർഡ്സ് ടെസ്റ്റിനിടെ മൂന്നാം ദിവസത്തെ കളിക്കിടെ ബോൾ ചെയ്യുമ്പോഴാണ് കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ കുതികാലിന് പരിക്കേൽക്കുന്നത്. കോളിൻ ഡി ഗ്രാൻഡ്ഹോമിനെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ വാർത്ത മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡാണ് സ്ഥിരീകരിച്ചത്.
കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പരിക്ക് തീർച്ചയായും ന്യൂസിലൻഡിന് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ബ്രേസ്വെൽ ഒരു ഓഫ് സ്പിന്നറായതിനാൽ ഗ്രാൻഡ്ഹോമിന്റെ റോൾ താരത്തിന് പൂർത്തിയാക്കാനാവില്ല. അതേസമയം ഓൾറൗണ്ടറായ ഡാരിൽ മിച്ചൽ ആദ്യ ടെസ്റ്റിൽ ടീമിന്റെ ഭാഗമായിരുന്നു. ബോളിംഗ് മെച്ചപ്പെടുത്താനായി കിവീസ് വരുന്ന മത്സരങ്ങളിൽ മാറ്റ് ഹെൻറിയിലോ നീൽ വാഗ്നറിലോ ഉപയോഗപ്പെടുത്താനാണ് സാധ്യത.






































