രഞ്ജിയിൽ ബംഗാളിനായി കളിക്കാൻ വിസമ്മതം അറിയിച്ച് വൃദ്ധിമാൻ സാഹ
രഞ്ജി ട്രോഫി നോക്കൗട്ടിൽ ബംഗാളിനായി കളിക്കാൻ വിസമ്മതം അറിയിച്ച് വൃദ്ധിമാൻ സാഹ. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനൊപ്പമുള്ള വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ടീമിന്റെ ഭാഗമാകാനുള്ള ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) അഭ്യർത്ഥന നിരസിച്ചതായാണ് വാർത്തകൾ.
ജൂൺ ആറു മുതൽ ബെംഗളൂരുവിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബംഗാൾ ജാർഖണ്ഡിനെ നേരിടും. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കൊപ്പം സിഎബി സാഹയെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ താരത്തിന് രഞ്ജി ട്രോഫിയുടെ ലീഗ് ഘട്ടത്തിൽ കളിക്കാനായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സാഹയെ ഒഴിവാക്കിയതിന് ശേഷമുള്ള സാഹയുടെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
നിലവിൽ ടൈറ്റൻസിനായി ഓപ്പണർ റോളിൽ ഇറങ്ങുന്ന സാഹ 10 മത്സരങ്ങളിൽ നിന്ന് 312 റൺസ് നേടി ഐപിഎല്ലിൽ മികച്ച ഫോമിലാണ്. ഞായറാഴ്ച്ച (മെയ് 29) അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ടൈറ്റൻസ് ഇടംപിടിച്ചിട്ടുണ്ട്.