വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്ത്വെയ്റ്റ്
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്ത്വെയ്റ്റ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ റണ്‍വേട്ടക്കാരിയാണ് ഏമി സാറ്റെര്ത്വെയ്റ്റ്. യുവതാരങ്ങള്‍ക്ക് അവസരമൊരുക്കി പുതിയ പാത തുറക്കാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമുള്ള കുറച്ച് ദിനങ്ങള്‍ കഠിനമായിരുന്നുവെന്നും ആയതിനാൽ ഒരു പരിധിവരെ സങ്കടത്തോടെയാണ് ക്രിക്കറ്റിനോട് വിടപറയാനുള്ള തീരുമാനം കൈകൊണ്ടതെന്നും ഏമി വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
2007ലാണ് വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഓള്‍റൗണ്ടറായ ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2018ലും 2019ലും ദേശീയ ടീമിനെ നയിച്ചു. വനിതാ ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരിയാണ്.