റയലിന് തിരിച്ചടി, എംബാപ്പെ അടുത്ത സീസണിലും പിഎസ്ജിയിൽ തുടരും
കിലിയൻ എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്. താരത്തെ നിലനിറുത്താനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ വിജയം കണ്ടതായാണ് ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്രഞ്ച് താരം അടുത്ത സീസണിലും പിഎസ്ജിയിൽ തുടരും.
പിഎസ്‌ജിയിൽ തുടരുക എന്നതാണ് തന്റെ തീരുമാനമെന്ന് എംബാപ്പെക്ക് വേണ്ടി ഏറെ നാളായി രംഗത്തുള്ള റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനോട് താരം വ്യക്തമാക്കിയതായാണ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നത്. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഏത് ക്ലബ്ബില്‍ കളിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എംബാപ്പെയാണെന്നും താരത്തിന്‍റെ അമ്മ ഫായസ ലമാറി നേരത്തെ വ്യക്തമാക്കിയിരുന്നു.
പിഎസ്ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും ഫ്രഞ്ച് ക്ലബിൽ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ അവസാന തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ അറയിച്ചത്. എംബാപ്പെ പിഎസ്‌ജിയുമായി മൂന്ന് വർഷ കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. കരാർ ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷൻ കരാറിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.
2017 മുതൽ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ സ്വപ്നമായിരുന്നു റയൽ മഡ്രിഡ്. എന്നാൽ എംബാപ്പെയുടെ ഈ തീരുമാനം വൻ കോളിളക്കങ്ങൾ സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.