റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ഓസീസ് നമ്പർ വൺ ടെസ്റ്റ് ടീം
ഏറ്റവും മികച്ച ടെസ്റ്റ് ടീമെന്ന ഇന്ത്യയുടെ അഞ്ച് വർഷത്തെ നീണ്ട റെക്കോർഡിന് അവസാനമിട്ട് ഓസ്ട്രേലിയ. ഐസിസി വാർഷിക റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ഓസീസ് ഒന്നാം നമ്പർ ടീമായി മാറി.
വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ 2017 മുതൽ കഴിഞ്ഞ വർഷം വരെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാൽ ഏറ്റവും പുതിയ വാർഷിക റാങ്കിങ്ങിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയ ഒന്നാമതെത്തിയത്.
ജനുവരിയിൽ ആഷസിൽ ഇംഗ്ലണ്ടിനെ 4-0ന് തോൽപ്പിച്ച ഓസ്ട്രേലിയ 119 ൽ നിന്ന് 128 റേറ്റിംഗ് പോയിന്റിലേക്ക് ഉയർന്നു. ഏഴ് വർഷത്തോളം കോലി ഇന്ത്യയെ ടെസ്റ്റിൽ നയിച്ചതിനു ശേഷം അടുത്തിടെയാണ് നായക സ്ഥാനം രാജിവെച്ച് രോഹിത് ശർമയെ ഏൽപ്പിച്ചത്. ഫോർമാറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നാലാമത്തെ ക്യാപ്റ്റനായാണ് കോലി പടിയിറങ്ങിയത്. ക്രിക്കറ്റ് മഹാൻമാരായ ഗ്രെയിം സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവർക്ക് തൊട്ടുപിന്നിലാണ് ഇന്ത്യൻ താരത്തിന്റെ സ്ഥാനം.






































