സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി നിലനിർത്തരുതെന്ന് മൈക്കൽ ആതർട്ടൺ
ബെൻ സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി ആശ്രയിക്കുന്നത് ശാശ്വതമല്ലെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടൺ. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ജോ റൂട്ട് ഈ മാസം ആദ്യം നായക സ്ഥാനത്തു നിന്ന് പിന്മാറിയതിനെത്തുടർന്ന് സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ആതർട്ടൺ.
ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ഓൾറൗണ്ടർമാർ പരമ്പരാഗതമായി മികച്ച വിജയം നേടിയിട്ടില്ലെന്ന് ഒരുപാട് വിദഗ്ധർ ഇതിനകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുൻതാരത്തിന്റെയും പ്രതികരണം. ജോ റൂട്ടിനൊപ്പം ഇംഗ്ലണ്ടിനായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിൽ ഒരാളാണ് സ്റ്റോക്സ്.
ഇതിനകം 79 ടെസ്റ്റുകളിൽ നിന്ന് 35.89 ശരാശരിയിൽ 5061 റൺസ് നേടിയിട്ടുണ്ട്. നിർണായക സമയങ്ങളിൽ അദ്ദേഹം ടീമിനായി ചില മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളും പുറത്തെടുത്തിട്ടുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ സ്റ്റോക്സിന്റെ പ്രകടനങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ ദീർഘകാല ടെസ്റ്റ് നായകനായി താരത്തിനെ പരിഗണിക്കരുതെന്നുമാണ് മൈക്കൽ ആതർട്ടൺ പറയുന്നത്.






































