രണ്ടാം ഏകദിനത്തിലും അടിച്ചു തകർത്ത് ഓസ്ട്രേലിയ, പാകിസ്ഥാന് 349 റൺസ് വിജയലക്ഷ്യം
പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിറങ്ങിയ ഓസീസ് നേടിയ ബെൻ മക്ഡെർമോട്ടിന്റെ സെഞ്ചുറി കരുത്തിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് നേടുകയായിരുന്നു.
ലാഹോറിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കായി ബാറ്റുചെയ്യാൻ എത്തിയവരെല്ലാം മിന്നും പ്രകടനം കാഴ്ച്ചവെച്ചതും ശ്രദ്ധേയമായി. ബെൻ മക്ഡെർമോട്ടിന്റെ കന്നി ഏകദിന സെഞ്ചുറിയും മറ്റ് ബാറ്റ്സ്മാൻമാരുടെ വേഗമേറിയ പ്രകടനവുമാണ് ഓസ്ട്രേലിയയെ 348 എന്ന സ്കോറിലെത്തിച്ചത്.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഷഹീൻ അഫ്രീദി ഇൻസ്വിങ്ങിലൂടെ ആരോൺ ഫിഞ്ചിനെ പുറത്താക്കി പാകിസ്ഥാന് മികച്ച തുടക്കമാണ് സമ്മാനിച്ചതെങ്കിലും ട്രാവിസ് ഹെഡ് മക്ഡെർമോട്ടുമായി ചേർന്ന് ഓസീസിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 144 പന്തിൽ 162 റൺസ് കൂട്ടിച്ചേർത്തു.
ട്രാവിസ് ഹെഡ് 89 റൺസെടുത്തപ്പോൾ മക്ഡെർമോട്ട് 104 റൺസെടുത്താണ് മടങ്ങിയത്. ഓസ്ട്രേലിയക്കായി മാർനസ് ലാബുഷാഗ്നെ 59, മാർക്കസ് സ്റ്റോയിനിസ് 49, ഷോൺ ആബട്ട് 28 എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചു. പാകിസ്ഥാനായി ഷഹീൻ അഫ്രീദി നാലു വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് വസീം ജൂനിയർ രണ്ടും സാഹിദ് മഹമൂദ്, ഖുശ്ദിൽ ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.






































