ഓസ്ട്രേലിയക്ക് തിരിച്ചടി, ആഷ്ടൺ അഗറും കൊവിഡ് ബാധിച്ച് പുറത്ത്
ലാഹോറിൽ ആതിഥേയരായ പാക്കിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയൻ സ്പിന്നർ ആഷ്ടൺ അഗറും പുറത്തായി. കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഇടംകൈയ്യൻ സ്പിന്നർ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്.
ഓസീസ് ക്യാമ്പിൽ കൊവിഡ് പോസിറ്റീവ് ആകുന്ന രണ്ടാമത്തെ താരമാണ് ആഷ്ടൺ അഗർ. നേരത്തെ, ടീം ഫിസിയോതെറാപ്പിസ്റ്റ് ബ്രണ്ടൻ വിൽസനെ കൂടാതെ ബാറ്റർ ജോഷ് ഇംഗ്ലിസിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
പരിശീലനത്തിനിടെ ഇടുപ്പിന് പരിക്കേറ്റ മിച്ചൽ മാർഷും കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സ്റ്റീവ് സ്മിത്തും പരമ്പരയിൽ നിന്ന് പുറത്തായ താരങ്ങളാണ്. ടെസ്റ്റ് പരമ്പര 1-0 ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മാർച്ച് 29 മുതൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ പാകിസ്ഥാനെ ഓസ്ട്രലിയ നേരിടാൻ എത്തുന്നത്. പരമ്പര പൂർണമായും ലാഹോറിലാണ് നടക്കുക. രണ്ടാം മത്സരം മാർച്ച് 31 നും മൂന്നാമത്തെ മത്സരം ഏപ്രിൽ 2 നും നടക്കും.






































