വെസ്റ്റ് ഇൻഡീസിന്റെ പാക് പര്യടനം ജൂൺ മാസത്തിൽ
ജൂൺ മാസത്തിൽ പാകിസ്ഥാൻ പര്യടനത്തിനായി വെസ്റ്റ് ഇൻഡീസ് എത്തുമെന്ന് സ്ഥിരീകരണം. 2022 ജൂൺ എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായാണ് കരീബിയൻ ടീം എത്തുന്നതെന്ന് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു.
പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങൾ യഥാക്രമം 2022 ജൂൺ 10, 12 തീയതികളിലായിരിക്കും നടക്കുക. പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസ് കളിക്കാർ 2022 ജൂൺ അഞ്ചിനകം പാകിസ്ഥാനിൽ എത്തും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന പരമ്പരയാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.
ഐസിസി ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമായിട്ടായിരിക്കും ഈ പരമ്പര നടക്കുക. ഈ ടൂർണമെന്റിനെ സംബന്ധിച്ചിടത്തോളം ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പം ആദ്യ ഏഴ് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ 2023 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുക.






































