മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം. ഇംഗ്ലീഷ് ക്ലബ് വിടാൻ താരം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കാറ്റാലൻ ടീം ഇംഗ്ലണ്ട് താരത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ റാഷ്ഫോർഡിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് താരത്തെ സ്വന്തമാക്കാനുള്ള താത്പര്യം ബാഴ്‌സ പ്രകടിപ്പിച്ചത്. നിലവിൽ ഫോമിലല്ലാത്ത താരത്തെ ആദ്യ ഇലവനിൽ നിന്നും പരിശീലകൻ റാൾഫ് റാങ്നിക് ഒഴിവാക്കിയിരുന്നു. കളിക്കാൻ ആവശ്യമായ സമയം ലഭിക്കാത്ത താരം യുണൈറ്റഡിൽ നിന്നും വേറെ ക്ലബിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളും അടുത്തിടെയെല്ലാം പുറത്തുവരികയും ചെയ്‌തു.
വൈതൻഷാവിൽ ജനിച്ച റാഷ്‌ഫോർഡ് യുണൈറ്റഡ് അക്കാദമിയിൽ നിന്ന് ഉയർന്നുവന്ന താരമാണ്. ഒരു വർഷം കൂടിയാണ് താരത്തിന് കരാറുള്ളത്. ഒസുമാനെ ഡെംബെലെയുമായി വേർപിരിയാൻ തയാറെടുക്കുന്ന ബാഴ്‌സലോണ റഷ്ഫോർഡിനെയാണ് പകരക്കാരനായി പരിഗണിക്കുന്നത്.






































