വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ കീഴടക്കി ബംഗ്ലാദേശിന് ആദ്യ ജയം
വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രജയം സ്വന്തമാക്കി ബംഗ്ലാദേശ്. കരുത്തരായ പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാ പെൺപട തകര്‍ത്തെറിഞ്ഞത്. അരങ്ങേറ്റ ഏകദിന ലോകകപ്പ് കളിക്കുന്ന ബംഗ്ലാദേശിന്റെ ആദ്യജയം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുക്കുകയായിരുന്നു. 71 റൺസെടുത്ത ഫര്‍ഗാന ഹഖ്, ഷര്‍മിന്‍ അക്തര്‍ (44), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (46) എന്നിവരുടെ മികച്ച പ്രകടനമാണ് ഭേദപ്പെട്ട സ്കോർ നേടാൻ ബംഗ്ലാദേശിനെ സഹായിച്ചത്.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുക്കാൻ മാത്രമാണ് കഴിഞ്ഞത്. സിദ്ര അമീന്‍ (104) സെഞ്ചുറി പ്രകടനവും വെറുതെയായി. മറുപടി ബാറ്റിംഗിനിങ്ങിയ ടീമിന് ഗംഭീര തുടക്കമാണ് ഓപ്പണിംഗ് ബാറ്റ്സ്‌മാൻമാർ സമ്മാനിച്ചത്.
ആദ്യ വിക്കറ്റിൽ നഹിത ഖാനും സിദ്ര അമീന്‍ കൂടി 91 റൺസ് ചേർത്തെങ്കിലും പിന്നീട് ഏഴിന് 188 എന്ന നിലയിലേക്ക് പാകിസ്‌ഥാൻ തകർന്നു. സ്‌കോര്‍ 215ല്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും പോയി. അധികം വൈകാതെ പാകിസ്ഥാല്‍ തോല്‍വി സമ്മതിച്ചു.






































