കറാച്ചി ടെസ്റ്റിൽ കൂറ്റൻ സ്കോർ നേടി ഓസീസ് ഡിക്ലയർ ചെയ്‌തു, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തകർച്ച
പാകിസ്ഥാനെതിരെ കറാച്ചിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 556 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്‌ത് ഓസ്ട്രേലിയ. മൊത്തം 189 ഓവറുകളാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. ഉസ്‌മാൻ ഖവാജയുടെ സെഞ്ചുറിയും (160) അലെക്‌സ് കാരെ (93) സ്റ്റീവ് സ്മിത്ത് (72) എന്നിവരുടെ മികവിനൊപ്പം ക്രീസിലെത്തിയവരെല്ലാം രണ്ടക്കം കടന്ന് സ്കോർ കണ്ടെത്തിയതാണ് ഓസീസിനെ വലിയ റൺസിലേക്ക് അടുപ്പിച്ചത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. നിലവിൽ 34 ഓവർ പിന്നിട്ടപ്പോൾ 81-6 എന്ന നിലയിലാണ് ആതിഥേയർ. നിലവിൽ 18 റൺസുമായി ബാബർ അസാമും റൺസെന്നുമെടുക്കാതെ സജിദ് ഖാനുമാണ് ക്രീസിൽ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, കാമെറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ഓസീസ് നേടിയ 556 റൺസിലേക്ക് എത്താൻ പാകിസ്ഥാന് ഇനിയും 474 റൺസ് വേണം. കളിയുടെ ഗതി മാറിയില്ലെങ്കിൽ പാകിസ്ഥാൻ ഫോളോ ഓൺ ചെയ്യണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.






































