വനിതാ ലോകകപ്പില്‍ പുതിയ റെക്കോർഡിട്ട് മിതാലി രാജ്
വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ നായിക മിതാലി രാജ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനാവുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിയുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ബെലിന്ദ ക്ലാര്‍ക്കിനെ മറികടന്നാണ് ഇന്ത്യൻ നായിക മിതാലി ഈ നേട്ടം തന്റെ പേരിൽ കുറിച്ചത്. ലോകകപ്പില്‍ 23 മത്സരങ്ങളിലാണ് ബെലിന്ദ ഓസീസ് വനിതകളെ നയിച്ചത്. പുതിയ റെക്കോർഡിന് മാറ്റുകൂട്ടുന്ന ജയവും ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് നേടാനായി.
ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓള്‍ഔട്ടാവുകയായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്വന്തമായത് 155 റൺസിന്റെ കൂറ്റൻ വിജയമാണ്. ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബോളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.






































