ചെൽസിക്ക് പണിയായി, റോമൻ അബ്രമോവിചിന് മേൽ ഉപരോധവും ഏർപ്പെടുത്തി ബ്രിട്ടൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കും ഉടമ റോമൻ അബ്രമോവിച്ചിനും തിരിച്ചടി. അബ്രമോവിച്ചിന്റെ യുകെയിലെ ആസ്തികൾ മരവിപ്പിച്ചതിനു പിന്നാലെ റോമൻ അബ്രമോവിചിന് മേൽ ബ്രിട്ടൺ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റോമന് പങ്കുണ്ട് എന്നും റോമന്റെ കമ്പനികൾ റഷ്യക്ക് ആയുധം നൽകുന്നത് എന്നും ആരോപിച്ചാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ക്ലബ് വിൽക്കനുള്ള റോമന്റെ നീക്കവും അവതാളത്തിലായിരിക്കുകയാണ്.
ചെൽസിക്ക് പുതിയ താരങ്ങളെ വാങ്ങാനോ ഇപ്പോഴുള്ള താരങ്ങൾക്ക് പുതിയ കരാർ നൽകാനോ ഈ ഉപരോധത്തോടെ സാധ്യമാകില്ല. മാത്രമല്ല സീസൺ കാർഡുകളില്ലാത്ത ആരാധകർക്ക് ടിക്കറ്റ് വിൽക്കാനും ഇനി ചെൽസിക്ക് കഴിയില്ല. അന്റോണിയോ റൂഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, സീസർ അസ്പിലിക്യൂറ്റ തുടങ്ങിയ പ്രമുഖരുടെ കരാർ ഈ സീണൺ അവസാനത്തോടെ തീരുകയാണെന്നതിനാൽ ഇതു പുതുക്കാനാവാത്ത പ്രതിസന്ധിയും നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്കുണ്ടാവും.