സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്
സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നുവെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്.
വിലക്കുകൾക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. ഇന്ത്യൻ ജേഴ്‌സിയിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത് ഇടക്കാലത്ത് ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. 2005 ഒക്ടോബര്‍ 25-ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു താരത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റം.
ഇതിനു ശേഷം സംഭവ ബഹുലമായ കരിയറിൽ ഇന്ത്യൻ ടീം ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയപ്പോൾ ടീമിലെ സുപ്രധാന അംഗമായിരുന്നു ശ്രീ. 2013-ലെ ഐപിഎല്ലിലാണ് ശ്രീശാന്തിന്റെ കരിയർ ഇല്ലാതാക്കിയെന്നു വേണം പറയാൻ. നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്കോട്ടിൽ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു പിൻമാറിയിരുന്നു. ഇതുവരെ ഫസ്റ്റ് ക്ലാസ് കരിയറിൽ 74 മത്സരങ്ങളിൽനിന്ന് 213 വിക്കറ്റുകൾ സ്വന്തമാക്കാനും കൊച്ചിക്കാരന് സാധിച്ചിട്ടുണ്ട്.