മാഞ്ചസ്റ്റർ നീലയാണ്, ഡർബിയിൽ യുണൈറ്റഡിനെ നിലം തൊടിയിക്കാതെ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ തരിപ്പണമാക്കി സിറ്റിയുടെ കുതിപ്പ്. ചരിത്രം മാത്രം ബാക്കി പറയാനുള്ള ഒരു ടീമായി യുണൈറ്റഡ് മാറിയതിന്റെ കാഴ്ച്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഫുട്ബോൾ പ്രേമികൾ കാണുന്നത്.
ഇന്നലെത്തെ കളിയും അതിന്റെ ബാക്കി പത്രമായിരുന്നുവെന്നു പറയാം. ഒരു തരത്തിലും സിറ്റിയെ വെല്ലുവിളിക്കാൻ യുണൈറ്റഡിനായില്ല. മത്സരം ആരംഭിച്ച് അഞ്ചു മിനിറ്റിനുള്ളിൽ ഗ്വാർഡിയോളയുടെ സംഘം കെവിൻ ഡിബ്രൂയിനെയിലൂടെ ലീഡ് എടുത്തു. എന്നാൽ യുണൈറ്റഡ് ആരാധകരെ വരെ ഞെട്ടിച്ച് 22-ാം മിനിറ്റിൽ ജെയ്‌ഡൻ സാഞ്ചോ ഒരു ഗോൾ മടക്കി.
ഇതിനു ശേഷം പിന്നീട് ഒരുഘട്ടത്തിലും നിലവിലെ ജേതാക്കൾക്ക് ഒരു നിമിഷം പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർദമേകിയില്ലെന്നതാണ് ഹൈലൈറ്റ്. ആർക്കോ വേണ്ടി കളിക്കുന്ന 11 പേരെയാണ് മൈതാനത്ത് കാണാനായത്. ഇതിന്റെ ഫലമായി 28-ാം മിനിറ്റിൽ ഡിബ്രൂയിനെ രണ്ടാം ഗോളും നേടി. അങ്ങനെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
കളിയുടെ രണ്ടാം പകുതിയിൽ ഒരു അവസരം പോലും സൃഷ്‌ടിക്കാതെ യുണൈറ്റഡ് മൈതാനത്ത് സിറ്റിയുടെ പിന്നാലെ ഓടിക്കളിക്കുന്നതാണ് കണ്ടത്. രണ്ടാം പകുതിയിൽ 68ആം മിനിറ്റിൽ റിയാദ് മഹ്റസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. അവസാനം 90-ാം മിനിറ്റിൽ അവസാന ആണിയെന്ന പോലെ താരം രണ്ടാം ഗോളും നേടി യുണൈറ്റഡിന്റെ പതനം പൂർത്തിയാക്കി.
ജയത്തോടെ 28 മത്സരങ്ങളിൽ നിന്നും 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ഉയർത്തി. 27 കളികളിൽ നിന്നും 63 പോയിന്റുള്ള ക്ലോപ്പിന്റെ ചെമ്പട രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ഇന്നലെത്തെ തോൽവിയോടെ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.






































