Cricket Cricket-International Top News

ഹസരംഗയ്ക്ക് കൊവിഡ്, ഓസീസിനെതിരായ മൂന്നാം ടി20 നഷ്‌ടമാകും

February 15, 2022

author:

ഹസരംഗയ്ക്ക് കൊവിഡ്, ഓസീസിനെതിരായ മൂന്നാം ടി20 നഷ്‌ടമാകും

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി സ്പിന്നർ വനിന്ദു ഹസരംഗയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽ‌സി). ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല.

ഐപിഎൽ മെഗാ ലേലത്തിൽ 10.75 കോടി രൂപയ്ക്ക് ഹസരംഗയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ടീമിലെത്തിച്ചിരുന്നു. ഓസ്ട്രേലിയയിൽ കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ താരമാണ് ഹസരംഗ. നേരത്തെ കുശാൽ മെന്‍ഡിസ്, ബുനുര ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ കുശാൽ മെൻഡിസ് സുഖം പ്രാപിച്ചുവെന്നും മൂന്നാം ടി20 മത്സരത്തിൽ താരം ടീമിലുണ്ടാകുമെന്നും ബോർഡ് പറഞ്ഞിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ ഇതിനകം 2-0 ന് മുന്നിലാണ്.

ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം മൂന്നാം ടി20 ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ സൂപ്പര്‍ ഓവറിലാണ് ശ്രീലങ്ക കീഴടങ്ങിയത്. ഇന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയിലെ മൂന്നാം മത്സരം. ഹസരംഗയ്ക്ക് പകരം ജെഫ്രി വാന്‍ഡെര്‍സേ ആയിരിക്കും ഇന്ന് മത്സരത്തിനിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a comment