കൗണ്ടെയെയും റൈസിനെയും ടീമിലെത്തിക്കാൻ നീക്കവുമായി ചെൽസി
അടുത്ത സീസണിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങി ചെൽസി. സെവിയ്യ ഡിഫൻഡർ ജൂൾസ് കൗണ്ടെയെയും വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെയും ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി നടത്തുന്നത്.
ഇതിനായി ചെൽസി ഉടമ റോമൻ അബ്രമോവിച്ച് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തിപ്പെടുത്താൻ തോമസ് ടുച്ചലിന് പണം നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രതിരോധത്തിലുള്ള പോരായ്മകൾ പരിഹരിക്കാൻ ടീമിന് പറ്റിയ താരമാണ് ഫ്രഞ്ച് താരം ജൂൾസ് കൗണ്ടെയെന്ന് ക്ലബ് മനസിലാക്കിയിട്ടുണ്ട്. പോയ ട്രാൻസ്ഫറിൽ താരത്തെ പ്രീമിയർ ലീഗ് ടീമിലെത്തിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം മധ്യനിരയിൽ എൻഗോലോ കാന്റെയ്ക്ക് പകരക്കാരനായാവും ഡെക്ലാൻ റൈസിനെ ടീമിലെത്തിക്കുക. നേരത്തെ ചെൽസിയുടെ യൂത്ത് അക്കാഡമിയിൽ നിന്നും വളർന്നുവന്ന താരമാണ് ഡിഫൻസീഫ് മിഡ്‌ഫീൽഡറായ റൈസ്. വെസ്റ്റ് ഹാമിനായി താരം ഈ സീസണിൽ ഗംഭീര ഫോമിലുമാണ്.
പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡും ഡെക്ലാൻ റൈസിനെ സ്വന്തമാക്കാനായി രംഗത്തുണ്ട്. നിലവിൽ താരത്തിന് കളിക്കാൻ പറ്റിയ ടീമും യുണൈറ്റഡ് ആണെങ്കിലും ഇംഗ്ലീഷ് താരത്തിനായി വെസ്റ്റ് ഹാം നിശ്ചയിച്ചിരിക്കുന്ന ഉയർന്ന തുക നൽകാൻ ഓൾഡ് ട്രഫോർഡ് ക്ലബ് തയാറാകുമോ എന്നതിലാണ് സംശയം. നിലവിൽ 100 മില്യൺ യൂറോയാണ് റൈസിനായി ടീം ചേദിക്കുന്നത്.