മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്കു ജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അനായാസ ജയവുമായി ടീം ഇന്ത്യ. അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ 96 റണ്‍സിനാണ് ആതിഥേയരുടെ വിജയം.
ഇന്ത്യ ഉയർത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 37.1 ഓവറില്‍ 169 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. രണ്ടാം മത്സരത്തിലെന്ന പോലെ തന്നെ ഇന്ത്യൻ ബോളർമാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാൻ സഹായകരമായത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരിറിന്റെയും പന്തിന്റെയും ബാറ്റിംഗ് മികവിലാണ് 265 റൺസ് എടുത്തത്. അയ്യർ 111 പന്തിൽ 80 റൺസും പന്ത് 54 പന്തിൽ 56 റൺസും എടുത്തു. അതേസമയം മോശം ഫോം തുടരുന്ന വിരാട് കോലി ഇന്ന് റൺസെടുക്കാതെ മടങ്ങുകയായിരുന്നു. വാഷിങ്ടൺ സുന്ദറും (33) ദാപക് ചാഹറും (38) ഇന്ത്യക്കായി ബാറ്റിംഗിൽ സംഭാവന നൽകി.
രണ്ടാമത് ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിന് 169 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളൂ. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. നായകൻ നിക്കോളാസ് പുരാനും 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് പ്രതീക്ഷ നൽകി.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. പരമ്പര ജയത്തോടെ മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ രോഹിത് ശര്‍മയ്ക്കായി.