ഹേസിൽവുഡിന്റെ നാലു വിക്കറ്റ് പ്രകടനം; ആദ്യ ടി20 മത്സരത്തിൽ ഓസീസിനു മുന്നിൽ വീണ് ലങ്ക
സിഡ്നിയിൽ നടന്ന പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 20 റൺസിന്റെ വിജയവുമായി ഓസ്ട്രേലിയ. ജോഷ് ഹേസിൽവുഡിന്റെ നാലു വിക്കറ്റ് പ്രകടനമാണ് ഓസീസിന് അനായസ ജയം സമ്മാനിച്ചത്.
ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ബെൻ മക്ഡര്‍മട്ടിന്റെ അർധ സെഞ്ചുറി (53) കരുത്തിൽ 149 റൺസ് പടുത്തുയർത്തുകയായിരുന്നു. 17 പന്തിൽ 30 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 23 റൺസ് നേടിയ ജോഷ് ഇംഗ്ലിസും മാത്രമാണ് ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ 3 വിക്കറ്റും ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, ചമിക കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയ പ്രകടനമാണ് ഓസ്ട്രേലിയയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയും തകർച്ചയോടെയാണ് തുടങ്ങിയത്.
എട്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ പരുങ്ങിയ ലങ്കയ്ക്കായി പാതും നിസങ്കയും (36) ചരിത് അസലങ്കയും (16) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ആയുസ് കുറവായിരുന്നു. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ് (1-32), ആദം സാംപ (3-18) എന്നിവരുടെ ടോപ് ക്ലാസ് ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.