തങ്ങൾക്ക് പുതിയ രീതിയിലുള്ള പരിശീലനമാണ് വേണ്ടതെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തു നിന്ന് ജസ്റ്റിൻ ലാംഗർ രാജിവെച്ചതിന് ദിവസങ്ങൾക്ക് ശേഷം പരസ്യ പ്രതികരണവുമായി നായകൻ പാറ്റ് കമ്മിൻസ്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഓസ്ട്രേലിയയ്ക്ക് “പുതിയ രീതിയിലുള്ള പരിശീലനവും വൈദഗ്ധ്യവും” ആവശ്യമാണെന്ന് കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ഓസീസിന്റെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിതനായ താരം ലാംഗറുടെ പരിശീലന ശൈലി തീവ്രമായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ ശൈലിയെന്ന് വിമർശക8 പറയുന്ന ലാംഗറുടെ പല തീരുമാനങ്ങളും മിക്ക മുതിർന്ന ഓസീസ് താരങ്ങളെയും ചൊടിപ്പിച്ചിരുന്നു. കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെ പടിയിറങ്ങിയ ജസ്റ്റിൻ ലാംഗർ കളിക്കാരോട് അത്തരമൊരു ശൈലി സ്വീകരിച്ചതിൽ മാപ്പ് പറഞ്ഞാണ് ടീം വിട്ടത്.
എന്നാൽ പരിശീലകന്റെ മാപ്പ് പറച്ചിൽ അനാവശ്യമാണെന്ന് ഞാൻ കരുതുന്നതായും നായകൻ പാറ്റ് കമ്മിൻസ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാൻ കളിക്കാർക്ക് പ്രചോദനം ആവശ്യമില്ലെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. പകരം പുതിയ രീതിയിലുള്ള പരിശീലനമാണ് തങ്ങൾക്ക് ആവശ്യമെന്നും താരം പറഞ്ഞു. ആരാകും ടീമിന്റെ പുതിയ പരിശീലകനായി എത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ.