ധോണിയെ മറികടന്ന് പുതിയ റെക്കോർഡിനരികെ നായകൻ രോഹിത് ശർമ
ഒരു വമ്പൻ ഏകദിന റെക്കോർഡിനരികെ ഇന്ത്യയുടെ പുതിയ ഏകദിന നായകനായ രോഹിത് ശർമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ മറികടന്ന് ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
നിലവിൽ ധോണിയ്ക്കൊപ്പം 116 സിക്‌സറുകൾ നേടി റെക്കോർഡിനൊപ്പമാണ് ഇന്ത്യൻ നായകൻ. ഇന്ത്യയിൽ 113 ഇന്നിംഗ്‌സുകളിൽ നിന്നാണ് ധോണിയുടെ 116 സിക്‌സറുകൾ പിറന്നത്. എന്നാൽ വെറും 68 ഇന്നിംഗ്‌സുകളിൽ നിന്നാണ് രോഹിത് ഈ നേട്ടത്തിന് അർഹമായത് എന്നതും ശ്രദ്ധേയമാണ്.
ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ രോഹിത് ശർമയ്ക്ക് ഈ നേട്ടവും സ്വന്തമാകുമെന്നാണ് കരുതുന്നത്. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ബാറ്റ്‌സ്മാന്റെ എക്കാലത്തെയും പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രോഹിത്.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ സ്വന്തം തട്ടകത്തിൽ 147 സിക്‌സറുകളുമായി ഒന്നാമതുണ്ട്. ന്യൂസിലൻഡ് താരങ്ങളായ മാർട്ടിൻ ഗപ്‌റ്റിലിന്റെ 130 സിക്‌സറുകൾ, ബ്രണ്ടൻ മക്കല്ലത്തിന്റെ 126 സിക്‌സറുകൾ, ഇംഗ്ലണ്ട് താരം ഇയോൻ മോർഗന്റെ 119 സിക്‌സറുകൾ എന്നിവയാണ് ഇന്ത്യൻ നായകനു ഇനി മുന്നലുള്ളത്.