ഇത് “ഇന്ത്യൻ മഗ്രാത്ത്”
ശരാശരി വേഗതയിൽ, അഴകാർന്ന ബൗളിങ് ആക്ഷനോട് കൂടെ, ലൈനിലും ലെങ്ങ്തിലും കണിശതയോടു കൂടെ ബൗൾ ചെയുന്ന ഭുവിയെ കണ്ടു നില്ക്കാൻ തന്നെ ഹരമാണ്. അത് ഒരു വിശ്വാസമായി മാറി കഴിഞ്ഞിരിക്കുന്നു. തുടക്കത്തിലേ ആക്രമണകാരിയായി, മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് തട്ടി എടുക്കാൻ ശ്രമിച്ച ജേസൺ റോയിയെ ക്ലീൻ ബൗൾഡ് ആക്കിയപ്പോൾ ആ വിശ്വാസം വർധിച്ചു. ഇത്രയും മനോഹരമായ ഒരു സീം ബൗൾ അടുത്ത കാലത്തൊന്നും കണ്ടതായി ഓർമയില്ല.
ഇന്ത്യയുടെ മഗ്രാത്ത് ആണ് ശരിക്കും ഭുവി. 140 ൽ കൂടുതൽ വേഗതയിൽ എറിഞ്ഞു സ്വയം ക്ഷീണിക്കാറില്ല. 300 നു മേൽ ഇരു ടീമുകളുടെയും സ്കോർ ഉയർന്നാലും ബൗളിംഗ് ശരാശരി അഞ്ചിൽ താഴെ നിൽക്കും. എതിർ ടീമിലെ സുപ്രധാന വിക്കറ്റുകൾ – അത് ഭുവിയുടെ അവകാശം. ഭയത്തോടെ, കരുതലോടെയല്ലാതെ ലോകത്തിലെ ഒരു ബാറ്റസ്മാനും മുന്നിൽ വന്നു നിൽക്കുകയും ഇല്ല. മാത്രമല്ല ബൗളിങ്ങിലെ ആ കണിശത – ലൈനിന്റെയും ലെങ്ങ്തിന്റെയും കാര്യത്തിൽ.
സ്കോർ ബോർഡ് 28 ൽ നിൽക്കുമ്പോൾ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ നാണം കെടുത്തിയ ബെയർസ്‌റ്റോ, റോയി ഓപ്പണേഴ്‌സ് പടിക്ക് പുറത്ത്. ഹർദിക് പാണ്ട്യ അനായാസ ക്യാച്ച് കളഞ്ഞില്ലായിരുന്നെങ്കിൽ, 15 ൽ നിൽക്കുമ്പോൾ ബെൻ സ്റ്റോക്സ് ഭുവിക്ക് വിക്കറ്റ് നൽകി മടങ്ങിയേനെ. അവസാനം, അപകടകാരിയായി മാറിക്കൊണ്ടിരുന്ന മോയിൻ അലിയെയും പവലിയനിലേക്ക് അയച്ചു സ്വന്തം ടീമിന് ആത്മവിശ്വാസവും നൽകി.
ഈ വിജയത്തിൽ, ടീം ഭുവിക്ക് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഭുവിയാകട്ടെ വളരെ വേഗം ഇതിഹാസമായി വളർന്നുകൊണ്ടും ഇരിക്കുന്നു.






































