മാർട്ടിനെസ് ഇനി വില്ലയുടെ കാവൽക്കാരൻ !
ആർസെനൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇനി മുതൽ വില്ല താരം. ഏകദേശം 20മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫെറിനു ഇരു ടീമുകളും ധാരണയിലെത്തുകയായിരുന്നു. വില്ല പാർക്കിൽ മെഡിക്കൽ കംപ്ലീറ്റ് ചെയ്ത മാർട്ടിനെസിന്റെ ഔദ്യോഗിക അന്നൗൻസ്മെന്റ് അല്പം മുൻപ് ആസ്റ്റൺ വില്ല പുറത്തുവിട്ടു.
ഏറെകാലം റിസേർവ് കീപ്പറായി തുടർന്ന മാർട്ടിനെസിന് കഴിഞ്ഞ സീസണിനൊടുവിൽ ഫസ്റ്റ് നമ്പർ ഗോളി ലെനോ ബ്രൈറ്റനെതിരായുള്ള മത്സരത്തിൽ പരിക്കേറ്റതോടെയാണ് നറുക്ക് വീണത്. കിട്ടിയ അവസരം മുതലെടുത്ത 28കാരനായ ഈ അര്ജന്റീന താരം ബാറിന് കീഴിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. FA കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് ട്രോഫികൾ ആർസെനൽ നേടുകയും ചെയ്തു ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെ ലീഗിലും FA കപ്പിലും ആർസെനൽ നേടിയ വിജയങ്ങളിൽ സുപ്രധാന റോൾ മാർട്ടിനെസ് വഹിച്ചിരുന്നു. ഇതോടെ ഈ സീസണിൽ ഗണ്ണേഴ്സിന്റെ നമ്പർ 1 ആയേക്കും എന്ന അഭ്യുഹങ്ങൾ ഉണ്ടായെങ്കിലും പരിക്ക് മാറി ലെനോ എത്തിയതോടെ മാർട്ടിനെസ് വീണ്ടും റിസേർവ് ബെഞ്ചിൽ പോകും എന്നുറപ്പായി.
ഫസ്റ്റ് ടീമിൽ കളിക്കാനുള്ള താരത്തിന്റെ ആഗ്രഹവും, മിഡ്ഫീൽഡിൽ മികച്ച താരങ്ങളെ എത്തിക്കാനുള്ള ഫണ്ടിന് വേണ്ടിയുള്ള ബോർഡിന്റെ ശ്രമത്തിനും മികച്ചൊരു തീരുമാനമായാണ് ഈ ട്രാൻസ്ഫർ വിലയിരുത്തപ്പെടുന്നത്. മിന്നും ഫോമിൽ തുടരുമ്പോഴും ഗണ്ണേഴ്സിന്റെ ഈ സീസണിലെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമെന്നു ഉറപ്പില്ലാത്തതിനാൽ കോൺട്രാക്ട് പുതുക്കാനുള്ള ആര്സെനലിന്റെ നീക്കത്തെ മാർട്ടിനെസ് പോയ വാരം നിരസിച്ചിരുന്നു. പ്രതിവാരം 60000പൗണ്ട് പ്രതിഫലത്തിൽ 4 വർഷത്തേക്കാണ് വില്ലയുമായുള്ള കരാർ.