Cricket Cricket-International legends Stories Top News

ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളെർ – ജന്മദിനാശംസകൾ മാൽകം മാർഷൽ

April 18, 2020

author:

ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളെർ – ജന്മദിനാശംസകൾ മാൽകം മാർഷൽ

July 27, 2000…. ലണ്ടനിൽ നടന്ന 35 ഓവർ ഏകദിന മത്സരം. വിജയിച്ച ഇലവനു വേണ്ടി ഇറങ്ങിയ പ്രമുഖർ ഗ്രീനിഡ്ജ്, ഹെയ്ൻസ്, റിച്ചാർഡ്സ്, ലാറ, കാളിച്ചരൺ, ജസ്റ്റിൻ ലാംഗർ, കോളിൻ കിങ്, ഷെയ്ൻ വോൺ, അസറുദ്ദീൻ, ഇയാൻ ബിഷപ്പ്‌, അക്രം, ഗാർണർ, ഡെറക് മറേ, വാൽഷ്, സിമ്മൺസ്സ്, ഹോൾഡിങ്, മഗ്രാത്ത് എന്നീ പ്രഗൽഭർ….. മറുവശത്താവട്ടെ ഇന്റർനാഷണൽ ഇലവൻ എന്ന പേരിൽ വെയിൻ ലാർകിൻസ്, ഗാറ്റിങ്ങ് ,ഹിക്ക്, തോർപ്പ്, ലാംബ്, മാർക്ക് ബുച്ചർ, റോബിൻ സ്മിത്ത് ,അലക്സ്റ്റുവർട്ട്, അലൻ മലാലി തുടങ്ങിയ ഇംഗ്ലീഷ് നിരയും … ആ ലോക ഇലവൻ നാമകരണം ചെയ്തത് “മാർഷൽ ഇലവൻ ” എന്നായിരുന്നു. എൺപതുകൾ മുതലുള്ള ലോക ക്രിക്കറ്റിലെ അതികായർ പ്രതിഫലേച്ഛയില്ലാതെ ഗ്രൗണ്ടിലിറങ്ങിയത് അവരുടെ പ്രിയപ്പെട്ട മാൽകം മാർഷലിനു വേണ്ടിയായിരുന്നു.

മാൽക്കം മാർഷലിന്റെ കരിയർ സ്പാൻ, റെക്കോർഡുകൾ, മാച്ച് വിന്നിങ് പ്രകടനം ഒന്നും ഇവിടെ പരാമർശിക്കുന്നില്ല. നവംബർ 5, 1999ലെ ചെറിയ കോളം പത്രവാർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല……. വൻ കുടലിലെ കാൻസർ ബാധയെ തുടർന്ന് ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർമാരിലെ ആ മഹത് പ്രതിഭ വിടവാങ്ങിയത് തൊട്ട് തലേന്നാണ്. ഭീമാകാരരായ വിൻഡീസ് പേസർമാർക്കിടയിലെ അഞ്ചടി പതിനൊന്നിഞ്ചുകാരനായ , ലോക ക്രിക്കറ്റിലെ മിക്കവാറും ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നം, മരണസമയത്ത് വെറും 25 കിലോ ഭാരമുള്ള ഒരു ശരീരം മാത്രമായിരുന്നു 😢😢

മാർഷൽ എന്നു ആദ്യമായി കേൾക്കുന്നത് തന്നെ ഒരു പ്രത്യേകതയോടെ ആയിരുന്നു. 1987 ൽ, ക്രിക്കറ്റ് ശ്രദ്ധിച്ചു തുടങ്ങിയത് റിലയൻസ് ലോകകപ്പോടെ ആയിരുന്നു. ആ ടൂർണമെൻറിൽ പങ്കെടുക്കാൻ പറ്റാത്തതിന് അദ്ദേഹം പറഞ്ഞ കാരണം അമ്മയെ കാണണം എന്നായിരുന്നു. ഒന്നും രണ്ടുമല്ല 16 കൊല്ലങ്ങൾക്ക് ശേഷമാണ് അമ്മയെ കാണുന്നത്. പകരക്കാരനായി ടീമിൽ വന്നത് കോട്നി വാൽഷ് എന്ന യുവ ഫാസ്റ്റ് ബൗളറ് ആയിരുന്നു.

81 ടെസ്റ്റുകളിൽ നിന്ന് 376 വിക്കറ്റും 10 ഹാഫ് സെഞ്ചുറി അടക്കം 1810 റൺസും നേടിയ ഈ ലെജന്റിനെ കുറിച്ച് ഓർക്കുന്ന ആദ്യ സീരീസ് 1988ലെ വിൻഡീസിന്റെ ഇംഗ്ലീഷ് സമ്മർ ആണ്. 5-0 വൈറ്റ് വാഷ് ചെയ്ത ആ സീരീസിൽ മാർഷലിന്റെ തീയുണ്ടകൾ ഏറ്റ് വാടിക്കരിഞ്ഞത് 35 ബാറ്റ്സ്മാൻമാർ ആയിരുന്നു. ആ സീരീസിൽ ഒരു നിർണായക ഇന്നിംഗ്‌സിൽ 72 റൺസും നേടിയിരുന്നു. തുടർന്ന് വിൻഡീസിൽ വന്ന ഇന്ത്യൻ ടീമിനെയും കാത്തിരുന്നത് ഇതേ പ്രകടനമായിരുന്നു.

1978ൽ ടെസ്റ്റിൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച മാർഷൽ അന്നു മുതലേ ഫീൽഡിലെ അഗ്രസീവ് സ്വഭാവം കാരണം നമ്മുടെ വെങ്സാർക്കറുമായി സ്ഥിരവൈരി ആയിരുന്നു. 1983 ലെ ഇന്ത്യൻ വൈറ്റ് വാഷിൽ പ്രധാന പങ്കുവഹിച്ച മാർഷൽ മൂന്ന് ടെസ്റ്റ് അവസാനിപ്പിച്ചത് 33 വിക്കറ്റും ടെസ്റ്റിലെ ഉയർന്ന സ്കോറായ 92 ഉം നേടിയായിരുന്നു.

90 കളുടെ ആദ്യം തന്നെ തന്റെ കഴിവിന്റെ മൂർച്ച കുറഞ്ഞത് മനസ്സിലാക്കിയ അദ്ദേഹം 92 ലോകകപ്പ്ഓടെ അംബ്രോസ്, വാൽഷ്, വിൻസ്റ്റൻ ബെഞ്ചമിൻ, ബിഷപ്പ് എന്നിവരുടെ വരവോടെ അരങ്ങൊഴിഞ്ഞു. 1979 മുതൽ 93 വരെയും ഇംഗ്ലീഷ് കൗണ്ടി ഹാംഷയറിന്റെ താരവും അവരുടെ ആദ്യ വിദേശ കളിക്കാരനുമായിരുന്നു.

41 എന്നത് ഒരിക്കലും ഒരാൾക്ക് ഈ ലോകത്ത് നിന്ന് റിട്ടയേർഡ് ഹർട്ട് ആവാനുള്ള പ്രായമല്ല .. മാർഷൽ, ആ ചെറിയ കോളം പത്രവാർത്ത സത്യമാവരുതെന്ന് ഇന്നും ആശിച്ചു പോകുന്നു .

Suresh Varieth

Leave a comment