Cricket Cricket-International legends Stories Top News

ബോർഡറുടെ അപൂർവ നേട്ടത്തിന് വയസ്സ് 40 കഴിഞ്ഞിരിക്കുന്നു !!

April 9, 2020

author:

ബോർഡറുടെ അപൂർവ നേട്ടത്തിന് വയസ്സ് 40 കഴിഞ്ഞിരിക്കുന്നു !!

23rd March 1980… ലോക ക്രിക്കറ്റിൽ അലൻ റോബർട്ട് ബോർഡർ എന്ന ആറാം നമ്പർ മധ്യനിര ബാറ്റ്സ്മാൻ സ്ഥാപിച്ച റെക്കോർഡ് ന് ഇന്നലെ നാൽപ്പത് വയസ്സ് തികഞ്ഞു. ഒരു ടെസ്റ്റിലെ രണ്ടിന്നിങ്സിലും 150 + റൺസ് സ്കോർ ചെയ്യുക എന്ന നേട്ടത്തിന് ഇത്ര കാലമായിട്ടും മറ്റൊരവകാശി പിറന്നിട്ടില്ല.

1978 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബോർഡർ, 80 ൽ പാക്കിസ്ഥാൻ സന്ദർശിച്ച ഓസീസ് ടീമിൻ്റെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാൻ ആയി വളർന്നിരുന്നു. ലാഹോറിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് ഇക്ബാൽ കാസിം, ഇമ്രാൻ ഖാൻ ,തൗസീഫ് അഹ്മദ് എന്നിവരോട് പൊരുതി ആദ്യ ഇന്നിങ്ങ്സിൽ 150 നോട്ട്ഔട്ട്, രണ്ടാം ഇന്നിംഗ്സിൽ 153 എന്നിങ്ങനെ ബോർഡർ റൺസ് അടിച്ചു കൂട്ടിയത്. പക്ഷേ അഞ്ചു ദിവസം കൊണ്ട് 398 ഓവറുകളിൽ 24 വിക്കറ്റ് മാത്രം വീണ മത്സരം വിരസമായ സമനിലയായി. ജാവേദ് മിയാൻദാദ് തൻ്റെ കരിയറിൻ്റെ ആദ്യകാലത്ത് വിക്കറ്റ് കീപ്പറായപ്പോൾ നടത്തിയ ഏക സ്റ്റംപിങ് ബോർഡറെ ഈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കൽ ആയിരുന്നു എന്നത് രസകരമായ വസ്തുതയാണ്.

അലൻ ബോർഡറെ പറ്റി മുഖവുരയുടെ ആവശ്യമില്ല. വെസ്റ്റിന്ത്യൻ പടയോട്ടത്തിലും ഇന്ത്യ എന്ന പുതിയ ചാമ്പ്യൻ്റെ ഉദയത്തിലും ഒരു ശരാശരി ടീമായി ഒതുങ്ങിക്കൂടിയ ഓസ്ട്രേലിയയെ ഗ്രെഗ് ചാപ്പലിനും കിം ഹ്യൂസിനും ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ബോർഡർ…. അവരെ ലോക ഏകദിന ചാമ്പ്യൻമാരും തുടർച്ചയായി ആഷസ് വിജയികളുമടക്കം ലോകത്തെ നമ്പർ വൺ ടീം ആക്കിയതിനു പിന്നിൽ, ടീമിനെ മുന്നിൽ നിന്നു നയിച്ച ബോർഡറുടെ നേതൃപാടവം തന്നെയായിരുന്നു.1994 വരെയുള്ള തൻ്റെ കരിയറിൽ 10 വർഷം, 93 ടെസ്റ്റുകളിൽ ടീമിനെ നയിച്ച ബോർഡർ 32 വിജയങ്ങൾ ടീമിന് നൽകിയപ്പോൾ,39 ടെസ്റ്റുകൾ സമനില /ടൈയിൽ അവസാനിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന് സുനിൽ ഗാവസ്കർ എന്ന ബാറ്റ്സ്മാൻ എങ്ങനെയോ അതുപോലെ ഓസീസിൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളും അത്യാവശ്യ ഘട്ടങ്ങളിൽ തൻ്റെ ലെഫ്റ്റ് ആം സ്പിൻ വഴി വിക്കറ്റ് എടുക്കുന്ന ഒരു യൂട്ടിലിറ്റി ബൗളറുമായ ബോർഡർക്ക് 156 ടെസ്റ്റിൽ 27 സെഞ്ചുറി അടക്കം 11127 റൺസും 39 വിക്കറ്റുകളുമുണ്ട്. ഏകദിനത്തിലാവട്ടെ 273 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി അടക്കം 6524 റൺസും 73 വിക്കറ്റുകളുമുണ്ട്.

റൺസുകളുടെയും വിക്കറ്റ് കളുടെയും കണക്കുകൾക്കപ്പുറം ബോർഡറെ ക്രിക്കറ്റ് എന്ന ഗെയിമിൽ മഹാനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ശരാശരിക്കാരുടെ ടീമിനെ ലോക ചാമ്പ്യൻ ആക്കിയ, അപരാജിതരുടെ നിരയിലേക്കുയർത്തിയ, മഹാപ്രതിഭകളായ സ്റ്റീവ് & മാർക്ക് വോ, മാർക്ക് ടെയ്ലർ, ഷെയ്ൻ വോൺ, മക്ഡർമട്ട് തുടങ്ങി നിരവധി പേരെ വാർത്തെടുത്ത ഒരു ലീഡർ എന്ന നിലയിൽ ആ തട്ടിന് എല്ലായ്പ്പോഴും തൂക്കം കൂടുതലാണ്.

Leave a comment