Foot Ball legends Top News

‘ലിറ്റിൽ മൊസാർട്ട്’ അക ‘തോമസ് റൊസിസ്കി’ – ഗണ്ണേഴ്‌സ് കണ്ട മികച്ച ഏഴാം നമ്പറിൽ ഒരാൾ.

April 4, 2020

‘ലിറ്റിൽ മൊസാർട്ട്’ അക ‘തോമസ് റൊസിസ്കി’ – ഗണ്ണേഴ്‌സ് കണ്ട മികച്ച ഏഴാം നമ്പറിൽ ഒരാൾ.

അന്ന്, 2015 ൽ ആഴ്സണൽ മാനേജർ ആർസെൻ വെങ്ങേർ പറഞ്ഞ വാക്യം പറഞ്ഞു തന്നെ തുടങ്ങാം – ” നിങ്ങൾ ഫുട്ബാൾ ഇഷ്ടപ്പെടുന്നുവോ, എങ്കിൽ താങ്കൾ തോമസ് റോസിസ്കിയെയും ഇഷ്ടപ്പെടും”. അതേ ഒരു കാല്പന്തുകളി ആരാധകനു ഒരിക്കലും ടോമിനെ വെറുക്കുവാൻ കഴിയില്ല.

ആഴ്സണൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, സ്പാർട്ട പ്രേഗ് ഫാൻസിന് സുപരിചിതമായ പേരാണ് തോമസ് റോസിസ്കി എന്ന ടോം. ഒരുപക്ഷേ പ്രീമിയർ ലീഗ് ഫാൻസിനും. മോഡേണ് എറയിൽ ഫുട്ബോൾ പിന്തുടരുന്ന ആരും ഈ പേര് മറക്കാൻ വഴി ഇല്ല. ഞാൻ അടക്കമുള്ള ആഴ്സണൽ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവൻ. എന്നിലെ ആഴ്സണൽ ആരാധകനെ പൂർണമായും പുറത്തുകൊണ്ടു വന്ന കളിക്കാരൻ.

1980 ഒക്ടോബർ 4 നു അങ്ങു ചെക് റിപ്പബ്ലിക് ലെ പ്രേഗ് എന്ന നഗരത്തിൽ ഫുട്ബാൾ പ്ലയർ ആയ ജിറിയുടെയും, ടേബിൾ ടെന്നീസ് പ്ലയർ ആയ ഇവാ യുടെയും രണ്ടാമത്തെ മകൻ ആയി ടോമിന്റെ ജനനം. തന്റെ പിതാവിനെപോലെ തന്നെ ടോമും ജേഷ്ഠനും ചെറുപ്പം മുതലേ ഫുട്ബാൾ കണ്ടും ഇഷ്ടപ്പെട്ടും വളർന്നു. 6 ആം വയസിൽ അവിടത്തെ ഫുട്ബാൾ അക്കാദമി ആയ കോമ്പ്രെസറി അക്കാദമിയിൽ ചേർന്ന ടോം 2 വർഷത്തിന് ശേഷം 8 ആം വയസിൽ അവിടെ നിന്നും തന്റെ ജേഷ്ഠന്റെ ഒപ്പം കളി പഠിക്കാൻ സ്പാർട്ട പ്രേഗ് ക്ലബ്ബ് അക്കാദമിയിൽ ചേർന്നു. നീണ്ട 10 വർഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം 1998 ൽ തന്റെ 18 ആം വയസിൽ സ്പാർട്ടക്ക് വേണ്ടി 1സ്റ് ടീം അരങ്ങേറ്റവും നടത്തി. അതിന്റെ ഫലം എന്നത് പോലെ ആ സീസണിൽ സ്പാർട്ട ടീം ചെക് ഒന്നാം ഡിവിഷൻ ലീഗ് വിജയികൾ ആകുകയും ചെയ്തു. 1999-2000 സീസൺ ശരിക്കും ടോമിന് ഒരു ബ്രേക്ക് ത്രൂ വർഷം ആയിരുന്നു. സ്പാർട്ട ആ വർഷവും നാഷണൽ ടൈറ്റിൽ നേടി, കൂടെ ആ വർഷം 36 മത്സരങ്ങളിൽ കളിച്ച ടോം 7 ഗോളും നേടി. അതോടൊപ്പം സീസണിലെ “ടാലന്റ് ഓഫ് ദി ഇയർ” പുരസ്കാരവും നേടി. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ആ പ്രകടനത്തോട് കൂടി തൻ്റെ 19 ആം വയസിൽ ചെക് നാഷണൽ ടീമിൽ നിന്ന് ആദ്യ വിളിയും ടോമിനെ തേടി എത്തി.

2001 ജനുവരി ട്രാൻസ്ഫർ വിൻഡോ ൽ ജർമനി കണ്ട അതുവരെ ഉള്ള ഏറ്റവും ഉയർന്ന തുകയായ ’18 മില്യൺ പൗണ്ടിനു’ ടോമിനെ ബോറുസിയ ഡോർട്മുണ്ട് തങ്ങളുടെ പാളയത്തിൽ എത്തിച്ചു. ആദ്യ മുഴുവൻ സമയ സീസണിൽ ബുണ്ടെസ് ലീഗ് വിജയത്തോടെ ടോം ഡോർട്മുണ്ടിന് വേണ്ടി തന്റെ ആദ്യ മെഡൽ നേടി. എന്നാൽ അഞ്ചര വർഷം നീണ്ട ഡോർട്മുണ്ട് കരിയറിൽ ടോമിന് ആകെ നേടാൻ കഴിഞ്ഞതും ആ ലീഗ് ട്രോഫി മാത്രമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ സാമ്പത്തിക ഞെരുക്കം നേരിട്ട ക്ലബിന് തങ്ങളുടെ മികച്ച കളിക്കാരെ വിൽക്കേണ്ടതായിവന്നു.

ക്ലബ്ബ് ചെറുതായി തളർന്നെങ്കിലും ദേശിയ തലയിൽ ഒരു പ്ലയർ എന്ന നിലയിൽ ടോം ആ വർഷങ്ങളിൽ കുറെ പുരസ്‌കാരങ്ങൾ നേടി. 2001, 2002, 2006 വർഷങ്ങളിൽ ചെക് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും, 2002 ൽ ചെക് ഗോൾഡൻ ബോൾ പുരസ്കാരവും നേടി. ഒരു തികഞ്ഞ ഗോൾ സ്‌കോറർ അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം തന്റെ കളി നിയന്ത്രണത്തിലൂടെയും, കൂടെ കളിക്കുന്നവരെ തന്റെ കേളീശൈലിയിലേക്ക് കൊണ്ടു വരുന്നതിലൂടെയും, അവർക്ക് മികച്ച അവസരങ്ങൾ രൂപപ്പെടുത്തി കൊടുത്തു ഗോളുകൾ കണ്ടെത്തി ടീമിനെ വിജയത്തിലേക്ക് എത്തിക്കാനും ടോമിന് സാധിച്ചു.
2006 ൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്ന സമയം – 12 യോഗ്യത മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നേടി അദ്ദേഹം തന്റെ ടീമിനെ ലോകകപ്പിനെത്തിച്ചു. ആ പ്രകടനങ്ങളോടെ തന്നെ ടോം യൂറോപ്പിലെ പ്രമുഖ ക്ലബ്ബ്കളുടെ നോട്ടപ്പുള്ളികൾ ആയിമാറി.

ആ സമയത്താണ് ഇങ്ങു ഇംഗ്ലണ്ടിലെ വടക്കേ ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന ആഴ്സണൽ ഫുട്ബോൾ ക്ലബ്ബ് ടോമിനായി രംഗത്തെത്തിയത്. ക്ലബ്ബ് മാനേജർ ആയ ആർസെൻ വെങ്ങേർ ഒരു മുഴം മുന്നേ വല വിരിച്ചു ടോമിനെ സ്വന്തം പാളയത്തിൽ എത്തിച്ചു. ഇംഗ്ലണ്ടിലും യൂറോപ്പിലും മികച്ച പ്രകടങ്ങളുടെ ബലത്തിൽ അക്കാലത്ത് യൂറോപ്പിലെ മികച്ച ക്ലബ്ബ് എന്നോ, ക്ലബ്ബുകളിൽ ഒന്ന് എന്നോ പറയാൻ കഴിയുന്ന തരത്തിൽ വളർന്നു നിൽക്കുന്ന ആഴ്സണലിൽനിന്നുള്ള വിളി ഒഴിവാക്കാൻ ടോമിന് കഴിഞ്ഞില്ല. 2006 ൽ അക്കാലത്തെ ഒരു മികച്ച ബിസിനസ്സ് എന്നു പറയാൻ കഴിയുന്ന തരത്തിൽ 6.8 മില്യൺ പൗണ്ടിന്റെ കൈമാറ്റം ആണ് ഡോർട്മുണ്ട് ടീമുമായി നടന്നത്.

2006 ലോകകപ്പിൽ തങ്ങളുടെ ആദ്യ കളിയിൽ ടോമിന്റെ ഗോളിന്റെയും അസിസ്റ്റിന്റെയും മികവിൽ അമേരിക്കയെ 3-0 നു തോൽപിച്ച ചെക് ടീമിന് തുടർന്ന് ഒരു കളിയും വിജയിക്കാൻ കഴിഞ്ഞില്ല. അതോടെ ടീം ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു. അതിനു ശേഷം പതിയെ ചെക് നാഷണൽ ടീമിന്റെ നായകസ്ഥാനം ടോമിനെ തേടി എത്തി.
കൂടാതെ മറ്റൊരു നാഴികക്കലും ടോമിന്റെ പേരിൽ വന്നുചേർന്നു. ‘ചെക് ടീമിന് വേണ്ടി യൂറോ കപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞതും കൂടിയതും ആയ കളിക്കാരൻ. 19 വയസിലും 35 വയസിലും അദ്ദേഹം നാഷണൽ ടീമിന് വേണ്ടി യൂറോ കപ്പിൽ പോരാടി. ഈ റെക്കോഡ് ഇപ്പോഴും നിലനിൽക്കുന്നു.

നാളിതുവരെ കളിച്ച ടീമുകളിൽ എല്ലാം 10ആം നമ്പറിൽ കളിച്ച ടോമിനെ പക്ഷെ ആഴ്സണൽ ക്ലബ്ബിൽ കാത്തിരുന്നത് ക്ലബ്ബ് ലെജൻഡ് ആയ പിറസ് പ്രശസ്തമാക്കിയ 7ആം നമ്പർ ജേഴ്സി ആയിരുന്നു. തന്റെ പുതിയ ക്ലബിന് വേണ്ടി ആദ്യഗോൾ ചാമ്പ്യൻസ് ലീഗിൽ ഹാംബർഗ് ക്ലബ്ബിനെതിരെ നേടിയ ടോം ആ സീസണിൽ 37 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ ആണ് നേടിയത്. മുൻപ് ക്ലബിന് വേണ്ടി 7 ആം നമ്പറിൽ തിളങ്ങിയ പിറസുമായി താരതമ്യം നേരിടേണ്ടി വന്ന ടോമിന് തന്റെ ആദ്യ സീസണിലെ പ്രകടനം അവസരത്തിനൊത്ത് ഉയർത്താൻ സാധിച്ചില്ല. പ്രീമിയർ ലീഗ് പോലെ പ്രയാസമേറിയ ഒരു ലീഗിൽ എത്ര മികച്ച കളിക്കാരൻ ആയാലും തിളങ്ങാൻ അല്പം സമയം വേണ്ടി വരും എന്നത് താരതമ്യം നടത്തിയവർ ഓർക്കാതെ പോയി. എന്നാൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം എന്തെന്നാൽ ടോം നേടിയ 6 ഗോളുകളും തന്റെ ടീമിന്റെ വിജയം നിശ്ചയിക്കപ്പെട്ട ഗോളുകൾ ആയിരുന്നു എന്നതാണ്.

തന്റെ 2 ആം സീസണിൽ ആഴ്സണൽ ടീമിന് വേണ്ടി കളിക്കാൻ ഇറങ്ങിയ ടോം പഴയ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ആണ് ഓരോ കളിയിലും പ്രകടനം നടത്തിയത്. സീസൺ പകുതി ആകുന്നതിനു മുന്നേ തന്നെ ടോം തന്റെ ഗോൾ ടാലി കഴിഞ്ഞ സീസണിലെതിന് -6 ഗോളുകൾ- സമമാക്കി, അതും 15 കളികളിൽ നിന്ന്.
എന്നാൽ 2008 ജനുവരി 26 നു നടന്ന എഫ് എ കപ്പ് മത്സരത്തിൽ ടോമിന്റെ കരിയറിലെ പുതിയ വില്ലൻ പ്രത്യക്ഷപ്പെട്ടു. ന്യൂകാസിൽ ആയിട്ടു നടന്ന ആ മത്സരത്തിലൂടെ പരിക്ക് എന്ന ദുരന്തം ടോമിന്റെ കരിയറിലേക്ക് കടന്നു വന്നു. ആ മത്സരത്തിൽ തുടക്കം തന്നെ ഹാംസ്ട്രിങ് നിഗ്ഗിൾ മൂലം പിൻവലിക്കപ്പെട്ട ടോമിന് ആദ്യം കുറച്ചു ദിവസങ്ങൾ മാത്രമേ നഷ്ടമാകൂ എന്നു പറയപ്പെട്ടുവെങ്കിലും തുടർന്ന് ആ പരിക്ക് അദ്ദേഹത്തിന്റെ ആ സീസൺ അവസാനിപ്പിച്ചു. ഒന്നര വർഷത്തോളം പരിക്കിനെ തുടർന്ന് സൈഡ് ലൈനിൽ ആയ അദ്ദേഹം 2009 സെപ്റ്റംബർ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ എതിരെ ആണ് പിന്നീട് തിരിച്ചെത്തുന്നത്. ആഴ്സണൽ 4-2 തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ പക്ഷെ ടോം ഓരോ ഗോളും അസിസ്റ്റുമായി മികച്ച പ്രകടനത്തോടെ തിരിച്ചു വരവ് ഗംഭീരമാക്കി.

പരിക്കുകൾ മൂലം സൈഡ്ലൈനിൽ ആയ സമയത്തും അദ്ദേഹം വെറുതെ ഇരുന്നില്ല. തന്റെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ ഉതകുന്ന പരിശീലനങ്ങൾ നടത്തിക്കൊണ്ടിരുന്നു. ആ മാറ്റം പിന്നീടുള്ള മത്സരങ്ങളിൽ കാണാനും സാധിക്കുമായിരുന്നു. ഗോളുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ അസിസ്റ്റുകളുടെ എണ്ണം ഗോളുകളെ മറികടന്നു. സത്യത്തിൽ തന്റെ സ്റ്റേറ്റിസ്റ്റിക്സുകളെക്കാൾ മുകളിൽ ആയിരുന്നു കളിക്കളത്തിൽ അദ്ദേഹത്തിന്റെ മികവ്. പതിയെ ആ മിഡ്ഫീൽഡ് മയിസ്ട്രോ തന്റെ കഴിവുകൾ കൂടുതൽ മികവോടെ പുറത്തെടുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കളി ഒറ്റക്ക് നിയന്ത്രിക്കാൻ ഉള്ള കഴിവ് മാനേജരും മനസിലാക്കിയതോടെ വെങ്ങേർ പിന്നീട് അദ്ദേഹത്തെ കൂടുതൽ സെൻട്രൽ ആയി കളിപ്പിക്കാൻ ആരംഭിച്ചു. അതോടെ ടോമിന് തന്റെ ഇരു വിങ്ങുകളിലും കൂടുതൽ ഇൻഫ്ലുവൻസ് ചെലുത്താനും കഴിഞ്ഞു. ടീമിന്റെ പ്രകടനത്തിൽ ആ വ്യത്യാസം കാണുവാനും സാധിച്ചു.

ലിറ്റിൽ മൊസാർട്ട് അക ടോമിനെ കുറിച്ചു പറയുമ്പോൾ ആദ്യം മനസിൽ വരുന്ന 3 സന്ദർഭങ്ങൾ ഇവയാണ്, 1. 2012 ൽ നടന്ന നോർത്ത് ലണ്ടൻ ഡർബി, ആഴ്സണൽ 5-2 നു ജയിച്ച മത്സരത്തിൽ നേടിയ ഗോളും, അതോടൊപ്പം നടത്തിയ മികച്ച പ്രകടനത്തിന് ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ആണ് ആദ്യത്തേത്. 2. രണ്ടാമത്തെ സന്ദർഭവും ഒരു വടക്കൻ ലണ്ടൻ ഡർബി തന്നെ, അതും അങ്ങു വൈറ്റ്ഹാർട്ട് ലൈനിൽ എതിരാളിയുടെ മൈതാനത്തു വച്ചു നേടിയ ആ ബുള്ളറ്റ് സ്‌ട്രൈക് ഗോൾ, ആഹാ അന്തസ്. 3. അവസാന മൊമെന്റ്, അതും 2013-14 സീസണിൽ തന്നെ സണ്ടർലാണ്ട് ക്ലബ്ബിനെതിരെ നേടിയ ടീം ഗോൾ. വേറെ ഏതൊരു സീസൺ ആണെങ്കിലും ഒരുപക്ഷേ ഗോൾ ഓഫ് ദി സീസൺ അവാർഡ് നേടേണ്ട ഒന്ന്, നോർവിച്നെതിരെ വിൽഷൈർ നേടിയ മാജിക് ഗോൾ ഇല്ലായിരുന്നെങ്കിൽ ആ സീസണിലും.

ടോമിന്റെ ടീമിനോടുള്ള പാഷനും ലോയൽറ്റിയും ചോദ്യം ചെയ്യപ്പെടാൻ സാധ്യത ഇല്ലാത്തതാണ്. ഈ മോഡേണ് എറയിലും ഒരു ടീമിന് വേണ്ടി 10 വർഷം കളിക്കുക എന്നു പറയുമ്പോൾ തന്നെ ചിന്ദിക്കുവാൻ കഴിയും അവർക്ക് ക്ലബ്ബിനോടുള്ള പ്രതിപത്തി. 2014 ൽ ആഴ്സണൽ തങ്ങളുടെ വർഷങ്ങൾ നീണ്ട ട്രോഫി വരൾച്ചക്ക് എഫ് എ കപ്പ് നേടി വിരാമമിടുമ്പോൾ ടോമും തന്റെ 8 വർഷം നീണ്ട വരൾച്ച അവസാനിപ്പിച്ചു. തുടർന്നുള്ള സീസണിലും ഗണ്ണേഴ്‌സ് എഫ് എ കപ്പ് നേടിയപ്പോൾ ഫൈനലിൽ കളിക്കാതെ ഇരുന്നിട്ടും വിജയികൾക്കുള്ള മെഡൽ ആദ്യമായി കഴുത്തിലണിയാണ് വെങ്ങേർ പറഞ്ഞയച്ചത് തോമസിനെ ആയിരുന്നു. ആ മത്സരത്തിന് മുന്നേ നടന്ന ഓരോ മത്സരത്തിലും ടോം ടീമിന് വേണ്ടി നടത്തിയ പ്രകടനങ്ങൾ വിസ്മരിക്കാൻ കോച്ചിനു കഴിയില്ലായിരുന്നു. 4ആം റൗണ്ടിൽ ബ്രൈറ്റനെതിരെ സ്വന്തം ടീം വിയർത്തു നിൽക്കുമ്പോൾ അവസാനം നേടിയ ആ മാസ്മരിക വോളി ഉൾപ്പെടെ. അതിനുള്ള പ്രത്യപകാരം പോലെ ആ ട്രോഫിയും.

ആ പ്രശസ്ത ചുവപ്പും വെള്ളയും ചേർന്ന ജേഴ്സിയിൽ പ്രശസ്തമായ 7ആം നമ്പറിൽ ആ ലിറ്റിൽ മൊസാർട്ട് കളിക്കുന്നത് കാണുവാൻ കഴിഞ്ഞത് ഇന്നും എന്നെ പോലെ ഉള്ള ആരാധകർക്ക് മധുര്യമുള്ള ഒന്നുതന്നെ. എപ്പോഴാണോ ടീമിന് തന്റെ സേവനം ആവശ്യമുള്ളത് അപ്പോഴെല്ലാം 100% ആത്മാർഥതയോടെ തന്നെ ഗ്രൗണ്ടിൽ പണിയെടുക്കുന്ന, പഴകുംതോറും വീര്യം കൂടുന്ന ഒരു മാണിക്യം ആയിരുന്നു ടോം.
നീണ്ട 10 വർഷത്തെ ആഴ്സണൽ കരിയറിന് അവസാനം നൽകി 2016 ഓഗസ്റ്റിൽ അദ്ദേഹം തന്റെ ബാല്യകാല ക്ലബ്ബ് ആയ സ്പാർട്ട പ്രേഗ് ലേക്ക് തിരികെ പോയി. അവിടെ ഒരു സീസൺ കളിച്ചു അദ്ദേഹം കാല്പന്തുകളിയിൽ നിന്നു സ്ഥിരമായി വിരമിച്ചു.

17 വർഷം നീണ്ട തന്റെ കരിയറിൽ അദ്ദേഹം 3 ക്ലബ്ബുകൾക്കുമായി 474 മത്സരങ്ങളിൽ ബൂട്ട് കെട്ടി. 58 ഗോളുകളും 70 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ദേശീയ തലത്തിൽ 105 മത്സരങ്ങളിൽ നിന്നായി 23 ഗോളുകളും നേടി. ആർസേനൽ ക്ലബിനായി 2014, 15 സീസണുകളിൽ എഫ് എ കപ്പും, 2014 ൽ സൂപ്പർ കപ്പും നേടി. 2001 ൽ ഡോർട്മുണ്ട് നു വേണ്ടി ബുണ്ടെസ് ലീഗ്‌ കിരീടം നേടി. 1999, 2000 സീസണിൽ സ്പാർട്ട പ്രാഗ് നു വേണ്ടി ചെക് നാഷണൽ ക്ലബ്ബ് കിരീടവും നേടി. കൂടാതെ 2001, 2002, 2006 വർഷങ്ങളിൽ ചെക് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും ഇദ്ദേഹത്തെ തേടി എത്തി.

വിരമിക്കുന്നത് വരെയും സ്വന്തം കേളി ശൈലിയിൽ മാറ്റം വരുത്താതെ കളിയുടെ ടെമ്പോ സെറ്റ് ചെയ്തു, കൂടെ കളിക്കുന്നവരെ തന്റെ പ്ലെയിങ് റിഥത്തിലേക്ക് കൊണ്ടുവന്ന കളിക്കാരൻ.

അന്ന് ആർസെൻ വെങ്ങേർ പറഞ്ഞത് ഒന്നുകൂടെ പറയട്ടെ ” നിങ്ങൾ ഫുട്ബാൾ ഇഷ്ടപ്പെടുന്നുവോ, എങ്കിൽ നിങ്ങൾ തീർച്ചയായും ടോമിനെയും ഇഷ്ടപ്പെടും”.
അതേ അദ്ദേഹത്തെ ആർക്കും ഇഷ്ടപ്പെടാതെ ഇരിക്കാനാവില്ല.

Vijayakrishnan 

Leave a comment