1991ലെ പെർത് ഏകദിനം – ടൈ അത്യപൂർവമായിരുന്ന കാലത്ത് ലൈവ് കണ്ട ആദ്യ ടൈ
ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലാണെന്ന് നിസ്സംശയം പറയാം.നിശ്ചിത ഓവറുകളിലും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ വിജയിയെ നിശ്ചയിച്ചത് ഭാഗ്യവും ടൂർണമെന്റ് നിയമങ്ങളുമായിരുന്നു.
ക്രിക്കറ്റ് ഓർമകളിൽ 1990- 91 ൽ പെർത്തിലെ വാക്കാ സ്റ്റേഡിയത്തിൽ നടന്ന മറക്കാനാവാത്ത ഒരു “ടൈ” ഉണ്ട്. T-20 ഒക്കെ ഉണ്ടാവുന്നതിന് മുമ്പ് ബൗളർമാരുടെ മികവിൽ വെസ്റ്റിൻഡീസിനു വിജയം നിഷേധിച്ച മത്സരം.
ബെൻസൻ & ഹെഡ്ജസ് ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ ഡേ നൈറ്റ് മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത വിൻഡീസ് ക്യാപ്റ്റൻ റിച്ചി റിച്ചാർഡ്സനെ വിഖ്യാതമായ വിൻഡീസ് പേസ് ബാറ്ററി നിരാശനാക്കിയില്ല. ഒമ്പത് ഓവറിൽ ഒമ്പത് റൺ വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത കട്ലി അംബ്രോസിന്റെയും പാട്രിക് പാറ്റേഴ്സൻ , മാർഷൽ, കമ്മീൻസ് എന്നിവരുടെയും പന്തുകൾ ശരിക്ക് കാണാൻ പറ്റാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ 48 ആം ഓവറിൽ 126 ന് ഓൾ ഔട്ടായി. ശാസ്ത്രിയും പ്രവീൺ ആംറെയും തട്ടിയും മുട്ടിയുമാണ് സ്കോർ ഇത്രയെങ്കിലും എത്തിച്ചത്.
അനായാസ വിജയം നേടാൻ ഇറങ്ങിയ, ഹെയ്ൻസ്, റിച്ചാർഡ്സൻ, ലാറ, ഹൂപ്പർ തുടങ്ങിയവരുൾപ്പെട്ട വിൻഡീസിന് പക്ഷേ കാര്യങ്ങൾ വിചാരിച്ച പോലെ ആയില്ല…. അതേ നാണയത്തിൽ തിരിച്ചടിച്ച കപിലും പ്രഭാകറും, തുടക്കക്കാരായ ശ്രീനാഥും സുബ്രതോ ബാനർജിയും അവരെ 40 ഓവറിൽ 121/9 എന്ന നിലയിലാക്കി.
തുടർന്ന് 10 ഓവറിൽ ആറു റൺസ് ജയിക്കാൻ വിൻഡീസിന് വേണമെന്നിരിക്കേ, ഇന്ത്യയുടെ നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരെയും അസ്ഹറുദ്ദീൻ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. നാലുപേരും ക്വാട്ട തീർത്ത സ്ഥിതിക്ക് തുടർന്നുള്ള ഓവറുകൾ എറിയണമെങ്കിൽ സച്ചിൻ, ശാസ്ത്രി, ശ്രീകാന്ത് തുടങ്ങിയവരെ ആശ്രയിക്കേണ്ട അവസ്ഥ. ( ശാസ്ത്രി ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ എന്ന നിലയിൽ നിന്ന് മാറി ഓപ്പണർ കം പാർട് ടൈം ബൗളർ ആയ കാലമാണ്).
വേറെ ഓപ്ഷൻ ഇല്ലാത്തതിനാൽ അസ്ഹർ സച്ചിന്റെ സ്ളോ ബോളുകളിൽ വിശ്വാസമർപ്പിച്ചു. നാൽപ്പത്തൊന്നാം ഓവറിലെ ആദ്യ അഞ്ചു പന്തുകളിൽ അഞ്ച് സിംഗിളുകൾ നേടിയ അവസാന പെയർ സ്കോർ തുല്യമാക്കി. എന്നാൽ ഓവറിലെ അവസാന പന്തിൽ എഡ്ജ് ചെയ്ത കമ്മിൻസിനെ സ്ലിപ്പിൽ അസ്ഹറുദ്ദീൻ പിടിച്ചപ്പോൾ അവിശ്വസനീയമായ, നാടകീയമായ ഒരു മത്സരത്തിന് മനോഹരമായ പരിസമാപ്തിയായി.
മത്സരത്തിന്റെ ഹൈലൈറ്റ്സ് യൂ ടൂബിൽ ലഭ്യമാണ്.
Suresh Varieth