Cricket Cricket-International Stories Top News

അയാളുടെ നഷ്ടങ്ങൾ എല്ലാം നമ്മളുടേത് കൂടി ആയിരുന്നു!!

March 12, 2020

അയാളുടെ നഷ്ടങ്ങൾ എല്ലാം നമ്മളുടേത് കൂടി ആയിരുന്നു!!

ശശി തരൂരിന്റെ “indias lost boys”എന്ന ലേഖനത്തിലെ ഒരു മുഖമായിരുന്നു ഇർഫാൻ പത്താൻ, അതെ ഒരുപാട് കഴിവുകൾ നിറഞ്ഞു നിന്ന ഇന്ത്യയുടെ രണ്ടാം കപില്ദേവെന്ന വിളിപ്പേര് പോലും ചെറുപ്രായത്തിൽ സ്വന്തമാക്കിയ ആ ചുരുളമുടിക്കാരനായ സുന്ദരന് കരിയറിന്റെ പകുതിക്ക് മുന്നേ എല്ലാം നഷ്ടമാവുന്നത് അവിശ്വസനീയതയോടെ നോക്കി നിന്നവരാണ് എന്നെ പോലെ നിങ്ങളും,…

ഇന്നലെ തന്റെ ഒറ്റയാൻ മികവിലൂടെ ടീമിനെ വിജയിപ്പിച്ചു നടന്നകന്ന ആ രൂപം സന്തോഷത്തേക്കാൾ സങ്കടമായിരുന്നു മനസ്സിന് നൽകിയത് കാരണം ഒരിക്കൽ കൂടി നമ്മളെ ബോധ്യപെടുത്തുകയായിരുന്നു അയാൾ നമ്മുടെ നഷ്ടത്തിന്റെ തീവ്രത……

ഓർമ്മകൾ എന്നെ ഒരുപാട് പിന്നിലേക്ക് ക്ഷണിക്കുകയാണ് 2003ലെ ആ ഡൌൺ അണ്ടർ സീരിയസിലേക്ക് അവിടെ വച്ചായിരുന്നു ഞാനയാളെ പരിചയപ്പെട്ടത്, സിഡ്‌നിയിൽ ഗിൽക്രിസ്റ്റിന്റെ പ്രതിരോധം തകർത്ത ആ ഇൻസ്വിങ്ങിങ് യോർക്കറും, സ്റ്റീവോയെ കബളിപ്പിച്ച ആ ഔട്ട്‌ സ്വിങ്ങറും, ഇതിഹാസമായ ഇമ്രാൻ ഖാനെ കൊണ്ട് പോലും പറയിപ്പിക്കുകയുണ്ടായി വസീം അക്രം ഈ പ്രായത്തിൽ ബൗൾ ചെയ്തതിനേക്കാൾ ബുദ്ധി പൂർവമാണ് ഈ പയ്യൻ ബോളുകൾ വർഷിക്കുന്നതെന്ന് ആ കാലത്ത് ആ 19 വയസ്സുകാരന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി തന്നെയായിരുന്നു അത്,…

തുടർന്ന് നടന്ന ത്രിരാഷ്‌ട്ര സീരിയസിൽ കൂടുതൽ വിക്കെറ്റ് സ്വന്തമാക്കി ആ പര്യടനം അയാൾ അവിസ്മരണീയമാക്കിയപ്പോൾ ഇന്ത്യയിലെ കോളേജ് പെണ്പിള്ളേര്ക്ക് ആഘോഷിക്കാൻ ഒരു സ്റ്റൈലൻ ചെക്കനേയും കിട്ടി, പിന്നീടയാൾ പാകിസ്താനിലും വെന്നിക്കൊടി പാറിച്ചു, അതെ ആ ജനത വിശ്വസിച്ചിരുന്നു വരാനിരിക്കുന്ന കാലം അയാളുടേതാണെന്ന്, പതിയെ അയാളുടെ ബാറ്റിംഗ് മികവ്, ഇന്ത്യയുടെ ബാറ്റിംഗ് ചാർട്ടിൽ അയാൾക്ക് ഉയർന്ന സ്ഥാനം നൽകിയപ്പോൾ, ആദ്യം സന്തോഷമായിരുന്നു മൂന്നാമനായിറങ്ങി വെടിക്കെട്ടുകൾ നടത്തുന്ന ആ മുഖം നൽകിയിരുന്നത്, ടെസ്റ്റിലും ആ ബാറ്റിംഗ് മികവ് തുടർന്നപ്പോൾ അയാൾ അടുത്ത കപില്ദേവിലേക്കുള്ള യാത്രയിലാണെന്ന് പോലും തോന്നിയിരുന്നു.

അയാളെ അയാളാക്കി മാറ്റിയ ആ സ്വിങ് പതിയെ നഷ്ടമായപ്പോൾ, അതിനെ മറികടക്കാനുള്ള പേസും അയാളിലില്ലായിരുന്നു,ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ശ്രദ്ധിക്കാനുള്ള ആ പക്വതയും അയാൾക്കായിട്ടില്ലായിരുന്നു, പതിയെ അയാൾ മാഞ്ഞു പോയി, പിന്നീട് എപ്പോഴൊക്കെയോ ഒരു ചെറിയ തിരിച്ചു വരവ് കണ്ടു, പക്ഷെ അത് ആ പഴയ സ്വിങ് ബോളറുടെതല്ലായിരുന്നു…..

ഒരിക്കൽ വസീം അക്രമായിട്ട് പോലും താരതമ്യ പെടുത്തിയാവൻ, ഇയാളെ പോലെ ബോളുകൾ സ്വിങ് ചെയ്യിക്കുന്ന മറ്റൊരു ബോളറെ ഞാൻ കണ്ടിട്ടില്ല എന്ന് സച്ചിനെ കൊണ്ട് പറയിപ്പിച്ച മുഖം, നെറ്റ്സിൽ അദ്ദേഹത്തെ നേരിടുമ്പോൾ എന്റെ കാല്മുട്ടുകൾക്കാണ് പ്രാധാന്യം നൽകാറെന്നു ലക്ഷ്മണനെ കൊണ്ടു പോലും പറയിപ്പിച്ച പത്താൻ, അതെ അയാൾക്ക് എല്ലാം 27 ആമത്തെ വയസ്സിൽ നിർത്തേണ്ടി വന്നു, വിധിയെന്നോ, മറ്റു പല ഓമന പേരുകളോ ചാർത്താം, പക്ഷെ അയാൾക്ക് നഷ്ടപെട്ടതൊക്കെ നമ്മുടെയും നഷ്ടങ്ങളായിരുന്നു…

ചുമ്മാ ഒന്നാലോചിച്ചു നോക്കൂ അദ്ദേഹവും ഹാര്ദിക്ക് പാണ്ട്യയും ഒരുമിച്ചു കളിക്കുന്ന ആ ടീം, ഹെയ് വേണ്ട എന്തിനാണല്ലേ ഇനിയും വിഷമിക്കുന്നത്………
Pranav Thekkedath

Leave a comment