ഓർമയിലെ മുഖങ്ങൾ – ആഡം പരോറെ
ഞാൻ ക്രിക്കറ്റ് എന്ന ഈ സുന്ദര കളിയെ ഇഷ്ടപ്പെടാൻ തുടങ്ങിയ ആ നാളുകളിലെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റിന് പിന്നിലെ സ്ഥിരസാന്നിധ്യമായിരുന്നു ആഡം പരോരെ, ആ ചെറിയ ശരീരവും, ദൃഢനിശ്ചയമുള്ള മനസ്സും ഒരു പതിറ്റാണ്ടോളം കിവി ക്രിക്കറ്റ് ടീമിലെ അഭിവാജ്യ ഘടകമായിരുന്നു…..
1990ൽ ടെസ്റ്റിലും 1992ൽ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചെങ്കിലും, 1992ന് ശേഷം ഇയാൻ സ്മിത്തിന്റെ വിടവാങ്ങലോടെയായിരുന്നു ആ യുവ താരം ആ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ ആരംഭിച്ചത്, ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള കഴിവുകൾ അയാളിൽ ആവോളമുണ്ടായിരുന്നു.
കിട്ടുന്ന അവസരങ്ങളിലെല്ലാം അയാളിലെ കഴിവുകൾ അയാൾ ക്രിക്കറ്റ് ലോകത്തിന് മുന്നിൽ ബാറ്സ്മാനായും വിക്കറ്റ് കീപ്പറായും തുറന്നു കാട്ടിയിരുന്നു…..
ഒരർത്ഥത്തിൽ 1994 എന്ന വർഷമായിരുന്നു അയാളിലെ കരിയറിലെ ടേണിങ് പോയിന്റ്, ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ഒരു ട്രാന്സിഷൻ പിരീഡിലൂടെ കടന്നു പോവുന്നൊരു കാലമായിരുന്നു അത്, ആ സമയം ഇന്ത്യയിൽ അവർ ഒരു ത്രിരാഷ്ട്ര ടൂർണമെന്റിൽ ഒരുപാട് പുതിയ മുഖങ്ങളുമായി മാറ്റുരക്കുകയായിരുന്നു ആ ടൂർണമെന്റിലെ ബറോഡയിലെ കുത്തിത്തിരിയുന്ന പ്രബലത്തിൽ നടന്ന മത്സരത്തിലായിരുന്നു ആഡം പരോരെ തന്റെ വരവറിയിച്ചത്, തന്റെ നായകനായ റൂഥർഫോർഡുമൊത്തു 180 റൺസിന്റെ കൂട്ടുകെട്ട് അയാൾ പടുത്തുയർത്തിയെങ്കിലും അയാൾക്കും ടീമിനും തോൽക്കാനായിരുന്നു വിധി, പക്ഷെ അന്നയാൾ സ്വന്തമാക്കിയ 96 റൺസ് ഒരുപാട് ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചു പറ്റിയൊരു പ്രകടനമായിരുന്നു.പാകിസ്താനെതിരെ ഷാർജയിലും, സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ സ്വന്തമാക്കിയ ശതകവുമെല്ലാം അപ്പോഴേക്കും അയാളെ ടീമിലെ പ്രധാന ശക്തി കേന്ദ്രമായി മാറ്റിയിരുന്നു.
ഒരു ന്യൂസീലൻഡ് കീപ്പറുടെ വീരോചിത പ്രകടനമായി ക്രിക്കറ്റ് ലോകം ഇന്നും വാഴ്ത്തപ്പെടുന്ന ഇന്നിങ്സിന് പിന്നിലും ആ കുറിയ മനുഷ്യനാണ്, 1995ൽ ക്രൈസ്റ്റ്ചർച്ചിലെ ആ വേഗതയാർന്ന പിച്ചിൽ അംബ്രോസിനെയും വാൽഷിനെയും ധീരതയോടെ നേരിട്ടായാൽ നേടിയ ആ ശതകം അയാളുടെ കരിയറിലെ തന്നെ മികച്ച ഇന്നിങ്‌സായിരുന്നു….
സ്റ്റീഫൻ ഫ്ലെമിംഗ് ടീമിലെ സ്ഥിര നായകനായതിന് ശേഷം, അയാൾ ഒരർത്ഥത്തിൽ വിക്കറ്റ് കീപ്പർ എന്ന റോളിൽ മാത്രം ഒരുങ്ങുകയായിരുന്നു, ബോളർ മാരെ വിക്കറ്റിന് പിന്നിൽ നിന്ന് അത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു കിവീസ് വിക്കെറ്റ് കീപ്പർ പിന്നെ ജന്മം കൊണ്ടിട്ടില്ല എന്ന് തന്നെ പറയാം, അത്രമാത്രം ക്രീസിലെ ബാറ്സ്മാൻറെ കോൺസെൻട്രേഷൻ കളയാൻ അയാൾ പിറുപിറുക്കാറുണ്ടായിരുന്നു…
ഒരു സീനിയർ താരമായി അയാൾ പിന്നീട് ആ ടീമിൽ നിറയുകയായിരുന്നു നായകനായ ഫ്ലെമിങും കെയ്ൻസും ആസ്റ്റിലും ഹരീസുമായിരുന്നു ഒരർത്ഥത്തിൽ ആ കാലഘട്ടത്തിലെ അവരുടെ ശക്തി കേന്ദ്രങ്ങൾ,അയാളുടെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാൽ ഒരുപക്ഷെ അയാൾ നേടിയ നേട്ടങ്ങൾ കുറവായി തോന്നാം, പക്ഷെ മക്കുല്ലം മറികടക്കുന്നത് വരെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ മികച്ച കീപ്പർ അയാളായിരുന്നു……
Pranav Thekkedath