പ്രീമിയർ ലീഗിൽ റെക്കോഡ് നേട്ടവുമായി സെർജിയോ അഗ്യൂറോ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം സെർജിയോ അഗ്യൂറോയ്ക്ക്. ഏറ്റവുമധികം തവണ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന താരമെന്ന റെക്കോർഡ് ഇതോടെ അഗ്യൂറോ സ്വന്തമാക്കി. ഏഴാം തവണയാണ് അർജന്റൈൻ താരമായ അഗ്യൂറോ ഈ നേട്ടത്തിലെത്തുന്നത്.
ജനുവരി മാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് അഗ്യൂറോ നേടിയത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടും. ഈ ഗോൾവേട്ടയിലൂടെയാണ് ലിവർപൂൾ താരങ്ങളായ അലിസൻ ബെക്കർ, ജോർദാൻ ഹെൻഡഴ്സൻ, ലെസ്റ്ററിന്റെ അയോസ പെരസ് തുടങ്ങിയവരെ പിന്നിലാക്കി അഗ്യൂറോ പുരസ്കാരത്തിന് അർഹനായത്.
ആറ് തവണ ഈ പുരസ്കാരം നേടിയ ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയിൻ, സ്റ്റീവൻ ജെറാർഡ് എന്നിവരെയാണ് അഗ്യൂറോ മറികടന്നത്. 2013 ഒക്ടോബറിലാണ് ആദ്യമായി അഗ്യൂറോ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാര നേട്ടം കരസ്ഥമാക്കിയത്.






































