ഈപിഎൽ : മഞ്ചസ്റ്റർ ചെൽസി മത്സരം സമനിലയിൽ (1-1)
മഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് വിരാമമായി എന്ന് വേണം കരുതാൻ. പ്രീമിയർ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തോട്ട് അടുക്കാനുള്ള മറ്റൊരു അവസരം കൂടി അവർ തുലച്ചു. എന്നാൽ മഞ്ചസ്റ്ററിന്റെ ദുര്യോഗം ചെൽസിയെ സഹായിച്ചതും ഇല്ല. അത് തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിലും ചെൽസി പരാജയപ്പെട്ടു. അടുത്ത ആഴ്ചത്തെ മത്സരഫലങ്ങളും പ്രീമിയർ ലീഗ് ടോപ് ഫോറിൽ കാര്യമായ അഴിച്ചുപണി ഉണ്ടാക്കുന്നതാണ്.
കളിയുടെ പതിനൊന്നാം മിനിറ്റിൽ മഞ്ചസ്റ്ററിനായി യുവാൻ മാറ്റയാണ് അക്കൗണ്ട് തുറന്നത്. കുറെ നാളായി യുണൈറ്റഡിൽ കാണാതിരുന്ന ടീം ഗയിമിൻറെ ഒരൊളിവെട്ടം എന്നപോലെ. യുണൈറ്റഡ് ഇടതു വിങിലുള്ള എല്ലാ താരങ്ങളും പങ്കെടുത്ത ഒരു നീക്കത്തിന് ഒടുക്കം ആ മനോഹര ഗോൾ പിറന്നു. ലൂക്ക് ഷോയിൽ തുടങ്ങി പോഗ്ബ ലൂക്കാക്കു എന്നിവരിലൂടെ പന്ത് വീണ്ടും ലുക്ക് ഷോയിലേക്ക്. പോസ്റ്റിന്റെ നേർപകുതിയിലേക്ക് പന്ത് മറിച്ച് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക്, ഓടിവന്ന് മാറ്റക്ക് പോസ്റ്റിന് മുന്നിലെ ആൾക്കൂട്ടത്തിലെ വിടവ് നോക്കി പന്ത് തൊടുക്കേണ്ട ആവശ്യമെ ഉണ്ടായുള്ളൂ.
43ആം മിനിറ്റിൽ ചെൽസിയുടെ സമനില ഗോൾ വന്നു. ഡേവിഡ് ഡി ഗെയുടെ ദുര്യോഗം തീരുന്നില്ല. തുടർച്ചയായ നാലാം കളിയിൽ ഡേവിഡ് ഡി ഗെ ഒരു തെറ്റു വരുത്തിയിരിക്കുന്നു. അന്റോണിയോ റുഡിഗാറുടെ നിർദോഷമായ ഒരു ലോങ്ങ് ഷോട്ട് ഏതു മനോരാജ്യചിന്തയിൽ ഇരുന്നുകൊണ്ടാണ് ഡി ഗെ തടുക്കാൻ പോയത് എന്ന് വ്യക്തമല്ല. നമ്മൾ കണ്ടിട്ടുള്ള ഡി ഗെ ആ പന്ത് കൈപ്പിടിയിലൊതുക്കുന്നതാണ്. എന്നാൽ ഡി ഗെയുടെ കയ്യിൽ തട്ടിത്തെറിച്ച് പന്ത് പറന്നുവന്ന് മാർക്കസ് അലോൺസോ ഫാർ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. പോസ്റ്റിൽ തട്ടി പന്ത് അകത്തേക്ക്.
വിജയ ഗോളിനായി ഇരുകൂട്ടരും കൈമെയ് മറന്ന് മത്സരിച്ചപ്പോൾ കളി പരുക്കനായി മാറി. 23 ഫൗളുകൾ പിറന്ന കളി 5 യെല്ലോ കാർഡ് കണ്ടു. അതിലേറെ കാണേണ്ടതായിരുന്നു, റെഡ് കാർഡ് അടക്കം. എന്നാൽ പരിക്കാൻ കളിക്കും ഇരു ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുടീമുകളും ചാമ്പ്യൻസ് ലീഗ് സ്പോട്ടിന് വേണ്ടിയാണ് കളിക്കുന്നത് എന്ന് തോന്നിയില്ല, ആദരവ് പിടിച്ചുപറ്റാത്ത പ്രകടനം.
റോമലൂ ലുക്കാക്കുവിന്റെയും ആന്തർ ഹെരേരയുടെയും യുവാൻ മാറ്റയുടെയും പ്രകടനം വേറിട്ടുനിന്നു. ഇവരെയെല്ലാം അടുത്ത സീസണിൽ അർഹിക്കുന്ന പരിഗണന നൽകാതെ യുണൈറ്റഡ് ഒഴിവാക്കുമോ എന്ന് കണ്ടറിയണം. പോഗ്ബെയ്ക്ക് എന്തോ ചെയ്യാൻ കഴിഞ്ഞു എന്ന പ്രതീതി ഉണ്ടാക്കി. ഇതൊന്നും കൊണ്ട് യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് കളിക്കില്ല. അതിന് അർഹിക്കുന്നതിൽ അധികം ഭാഗ്യം കൂടി വേണം