FA കപ്പ് : ലീഡ്സിനെ വീഴ്ത്തി ആർസെനൽ മുന്നോട്ട്
FA കപ്പിലെ മൂന്നാം റൗണ്ട് മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ടീമായ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ചു ആർസെനൽ നാലാം റൗണ്ടിൽ കടന്നു. വിജയികൾക്ക് വേണ്ടി 55ആം മിനുട്ടിൽ നെൽസനാണ് ഗോൾ നേടിയത്.
എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ അബാമേയങ്ങ്, ഗോളി ലെനോ എന്നിവർക്ക് വിശ്രമം നൽകി ഇറങ്ങിയ ആർസെനലിനു ലീഡ്സ് കനത്ത വെല്ലുവിളിയാണുയർത്തിയത്. ആദ്യപകുതിയിൽ താരങ്ങളുടെ വ്യക്തിഗത പിഴവും, ഒത്തൊരുക്കമില്ലായ്മയും മുതലെടുത്തു ലീഡ്സ് താരങ്ങൾ ആർസെനാൽ ബോക്സിലേക്ക് നിരന്തരം ഭീഷണിയുയർത്തി. അധിപത്യത്തിലും ലീഡ്സ് മുന്നിട്ടു നിന്നു.
എന്നാൽ ആദ്യപകുതിയിൽ ഗോൾ നേടാതെ പോയതിനു ഇടവേളയ്ക്കു ശേഷം ലീഡ്സിനെ ആർസെനാൽ ശിക്ഷിച്ചു. അലസമായ ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യതസ്തമായ ആര്സെനലിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്. 55ആം മിനുട്ടിൽ ഒരു മനോഹര കൗണ്ടർ അറ്റാക്കിനൊടുവിൽ നെൽസൺ ആർസെനലിനു വേണ്ടി വല കുലുക്കി. പിന്നെയും ആർസെനാൽ ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്നു നിന്നു






































