Editorial Foot Ball Top News

ആശ്വാസം തേടി ബ്ലാസ്റ്റേഴ്‌സ്

December 28, 2019

author:

ആശ്വാസം തേടി ബ്ലാസ്റ്റേഴ്‌സ്

വീണ്ടുമൊരു മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനെതിരെ കൊമ്പന്മാർ കളിക്കാനിറങ്ങുമ്പോൾ അവർക്കു സംരക്ഷിക്കാനുള്ളത് അഭിമാനം മാത്രമാണ്. പ്ലേ ഓഫ്‌ സാധ്യത ഏതാണ്ട് അവസാനിച്ച ബ്ലാസ്റ്റേഴ്സിന് ഇന്ന് പ്രതീക്ഷ നൽകുന്നത് ലീഗിലെ മുഖാമുഖ പോരാട്ടത്തിൽ തങ്ങൾക്കു മേൽകൈയുള്ള ചുരുക്കം ടീമുകളിൽ ഒന്നായ നോർത്ത് ഈസ്റ്റിനെതിരെ സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങുമ്പോൾ തീർച്ചയായും ബ്ലാസ്റ്ററിനു വിജയപ്രതീക്ഷകൾ ഉണ്ടാകും.

പരിക്കുകളും മോശം ഫോമും ചേർന്നു വലയ്ക്കുന്ന ഒരു സീസണാണ് ബ്ലാസ്റ്റേഴ്‌സിന് ഇതെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇത്രയേറെ മികച്ച ആരാധക പിന്തുണയുള്ള ഒരു ടീമിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന പ്രകടനം ലീഗിൽ ഇതുവരെ കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. എ. ടി. കെയ്ക്കെതിരെ ആദ്യമത്സരത്തിൽ നേടിയ വിജയത്തിനുശേഷം ഇതുവരെ കളത്തിൽ നിന്നും മൂന്നു പോയിന്റുമായി മടങ്ങാൻ കേരളത്തിന്റെ കൊമ്പന്മാർക്കു സാധിച്ചിട്ടില്ല. മാത്രമല്ല ആരാധകർക്കു പോലും ദഹിക്കാൻ സാധിക്കാത്ത പ്രകടനത്തിലൂടെ വിജയമുറപ്പിച്ച മത്സരങ്ങളിൽ പോലും സമനിലയോ തോൽവിയോ വഴങ്ങേണ്ടി വരികയും ചെയ്തു.

ഇന്നു പക്ഷേ നോർത്ത് ഈസ്റ്റിനെതിരെ ബൂട്ടുകെട്ടുമ്പോൾ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ഏറെയുണ്ട്. തമ്മിൽ കളിച്ച പത്തു മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങൾ നോർത്ത് ഈസ്റ്റ്‌ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. മാത്രമല്ല ഈ സീസണിലും നോർത്ത് ഈസ്റ്റിന്റെ പ്രകടനങ്ങൾ അത്രയേറെ മികച്ചതല്ല. അവസാന മൂന്നു മത്സരങ്ങളിൽനിന്നും ഒരു ഗോൾ മാത്രമാണ് അവർക്കു സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സൈനിങ്‌ ആയ അസമാവോ ഗ്യാൻ പരിക്കിന്റെ പിടിയിലായതും അവർക്കു വിനയായി. തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നുവെങ്കിലും അവസാന മൂന്നു മത്സരങ്ങളിലെ മോശം പ്രകടനം മൂലം ലീഗ് പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്.

ഇന്നു നടക്കുന്ന മത്സരത്തിൽ നായകൻ ബർത്തലോമ്യോ ഓഗ്‌ബച്ചേ കളിക്കാൻ സാധ്യതയുണ്ടെന്നത് കേരളത്തിന്‌ ആവേശം പകരുന്ന വാർത്തയാണ്. തന്റെ മുൻ ക്ലബ്ബിനെതിരെ ഓഗ്‌ബച്ചേ തിളങ്ങിയാൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനായാസമാകും. ഓഗ്‌ബച്ചേയ്ക്കു മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷെറ്റൂരിയ്ക്കും മത്സരം നിർണായകമാണ്. കഴിഞ്ഞ സീസണിൽ താൻ പരിശീലിപ്പിച്ച ക്ലബ്ബിനെതിരെ വിജയം നേടാൻ സാധിച്ചാൽ അടുത്ത മത്സരങ്ങളിൽ അത് അദ്ദേഹത്തിനു നൽകുന്ന ആവേശം ചില്ലറയായിരിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിമർശനങ്ങൾ ക്ഷണിച്ചു വരുത്താൻ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് തീരെ മോശം പ്രതിരോധനിരയും, തുടരുന്ന ബാക്ക് പാസ് തന്ത്രങ്ങളും രാജ്യത്തെ തന്നെ മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളായ സഹൽ അബ്ദുൽ സമദിനെ പകരക്കാരനായി മാത്രം പരീക്ഷിക്കുന്നതും ഒക്കെ വിമർശകർ എടുത്തുകാട്ടുന്നു.

റോബർട്ട്‌ ജാർണി പരിശീലിപ്പിക്കുന്ന നോർത്ത് ഈസ്റ്റിനും മുന്നോട്ടുള്ള വഴിയിൽ വിജയം നിർണായകമാണ്. അവസാന നാലു കളികളിലെ വിജയമറിയാത്ത പരമ്പരയ്ക്ക് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോടേറ്റ മൂന്നുഗോളിന്റെ പരാജയം മൂലം ആത്മവിശ്വാസം നഷ്ടമായ ബ്ലാസ്റ്റേഴ്സിനെതിരെ അന്ത്യം കുറിക്കാമെന്ന വിശ്വാസത്തിലാകും ഹൈലാൻഡർസ് ഇന്നിറങ്ങുക.

Leave a comment