Editorial Foot Ball Top News

ജേക്ക് ഗ്രീലിഷ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ താരോദയം

December 13, 2019

author:

ജേക്ക് ഗ്രീലിഷ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ താരോദയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കളികണ്ടവർ തീർച്ചയായും ഒരു തവണയെങ്കിലും ജാക്ക ഗ്രീലിഷ് എന്ന മധ്യനിര താരത്തെ ശ്രദ്ധിച്ചിരിക്കും. സീസണിൽ പ്രൊമോഷൻ നേടി പ്രീമിയർ ലീഗിലെത്തിയ ആസ്റ്റൺ വില്ലയുടെ പ്രകടനങ്ങളുടെ നട്ടെല്ലാവുകയാണ് ഈ ഇരുപത്തിനാലുകാരൻ.

മികച്ച ഡ്രിബ്ലിങ് പാടവവും ലോങ്ങ്‌ റേഞ്ചറുകളടക്കം ഏത് ആംഗിളിൽ നിന്നും ഗോൾ നേടാനുള്ള മികവുമാണ് ഗ്രീലീഷിനെ മികച്ച ഫുട്‍ബോളറാക്കുന്നത്. വില്ല പാർക്കിൽ കുറച്ചു സീസണുകളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീലിഷിൻറെ മികവാണ് ഈ സീസണിൽ ചാംപ്യൻഷിപ്പിൽ നിന്നും പ്രീമിയർ ലീഗിലേക്കു പ്രൊമോഷൻ നേടാൻ വില്ലയെ സഹായിച്ചതും.

തന്റെ ആറാമത്തെ വയസ്സിലാണ് ഗ്രീലിഷ് ആസ്റ്റൺ വില്ലയിലെത്തുന്നത്. 2012ൽ സീനിയർ ടീമിനുവേണ്ടി പന്തു തട്ടാൻ തുടങ്ങിയ അയാൾ തൊട്ടടുത്ത വർഷം ഒരു ലോൺ ഡീലിലൂടെ നോട്ട്സ് കൗണ്ടിയിലെത്തി. രണ്ടു വർഷങ്ങൾക്കു ശേഷം തിരികെ വില്ല പാർക്കിലെത്തിയ ഗ്രീലിഷ് പതിയെ ടീമിന്റെ അവിഭാജ്യ ഘടകമായി.

അച്ചടക്കമില്ലായ്മ ഗ്രീലിഷിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു. ഒന്നിലേറെ തവണ അയാൾ ക്ലബ്ബിന്റെ ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗവും നിശാപാർട്ടികളിലെ സാന്നിധ്യവും ഒക്കെ അയാളുടെ ഇമേജിന് കരിനിഴൽ വീഴ്ത്തിയെങ്കിലും ഗ്രീലീഷിന്റെ പ്രതിഭ കണ്ടില്ലെന്നു നടിക്കാൻ ക്ലബ്ബിനു സാധിക്കുമായിരുന്നില്ല. വളരെ വേഗം അയാൾ ആസ്റ്റൺ വില്ലയുടെ നായകനായി മാറി. ഗ്രീലീഷിന്റെ മികച്ച ഫോമിന്റെ പിൻബലത്തിൽ തന്നെയായിരുന്നു കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പും.

ഏതു പ്രതിരോധനിരയെയും തുളച്ചു കയറാനുള്ള ഡ്രിബ്ലിങ് പാടവം തന്നെയാണ് ഗ്രീലീഷിന്റെ കരുത്ത്. പ്രീമിയർ ലീഗിൽ അയാളെ ശ്രദ്ധേയനാക്കുന്നതും ഇതേ വേഗത തന്നെ. സീസണിൽ പതിനാലു മത്സരങ്ങളിൽ നിന്നും നാലു വീതം ഗോളുകളും അസിസ്റ്റുകളും ഇപ്പോൾ ഗ്രിലിഷിന്റെ പേരിലുണ്ട്. ലീഗിൽ ആസ്റ്റൺ വില്ലയെ മുന്നിൽ നിന്നു നയിക്കാനും അയാൾക്കു സാധിക്കുന്നു. ആസ്റ്റൺ വില്ലയെ നേരിടുന്ന ടീമുകളുടെ പ്രധാന ശത്രുവും അയാൾ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഗ്രീലിഷ് നേരിട്ട ഫൗളുകളുടെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ ചാംപ്യൻഷിപ് സീസണിലും ഏറ്റവുമധികം ഫൗളുകൾ നേരിട്ട താരം ഗ്രീലിഷ് ആയിരുന്നു. ഒരുപക്ഷേ അയാളുടെ വേഗത തന്നെയാകും കൂടുതൽ ഫൗളുകൾ ഗ്രീലീഷിനെ തേടിയെത്താനുള്ള കാരണവും. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം വൻ ടീമുകൾ ഗ്രീലീഷിനെ നോട്ടമിട്ടുപറക്കുന്നുവെന്നാണ് റിപോർട്ടുകൾ. അടുത്ത സീസണിൽ അയാൾ ഏതെങ്കിലും വൻ ടീമുകളുടെ നിരയിൽ കാണുമെന്നാണ് പ്രതീക്ഷ. യൂറോ കപ്പിനുള്ള ഇംഗ്ലീഷ് ടീമിലും ഈ ഇരുപത്തിനാലുകാരന് ഒരിടം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

Leave a comment