Cricket Editorial Top News

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ അതിജീവനമാർഗങ്ങൾ

November 23, 2019

author:

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ അതിജീവനമാർഗങ്ങൾ

ഇന്ത്യയിലെ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം പിങ്ക് ബോൾ ടെസ്റ്റ്‌ മത്സരം ആണെന്നതിൽ സംശയമില്ല.
ടെസ്റ്റ്‌ ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഡേ നൈറ്റ്‌ ടെസ്റ്റ്‌ ഇന്ത്യയിൽ അരങ്ങേറിയതിനെപ്പറ്റി ചർച്ച ചെയ്യാതെ ഒരു ക്രിക്കറ്റ്‌ പ്രേമിയുടെയും സായാഹ്നം അവസാനിച്ചിരിക്കില്ല. അതേ, ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരുപാടു പുതുമകൾ കൊണ്ടുവന്നിട്ടുണ്ട് ഡേ ആൻഡ് നൈറ്റ്‌ ടെസ്റ്റ്‌.

പരമ്പരാഗതമായ ചുവപ്പ് വെള്ള പന്തുകൾ മാറി പിങ്ക് നിറമുള്ള പന്തുവന്നതു മാത്രമല്ല ഡേ നൈറ്റ്‌ ടെസ്റ്റിലെ പുതുമ. വൈകി തുടങ്ങുന്ന മത്സരം കൂടുതൽ കാണികളെ മൈതാനത്തേക്ക് ആകർഷിക്കാൻ സാധിക്കുന്നുണ്ട്. ഇന്ന് ഈഡൻ ഗാർഡൻസിൽ കണ്ട കാണികളുടെ ബാഹുല്യം തന്നെയാണ് അതിന്റെ തെളിവ്. പക്ഷേ ഈ പുതുമോടി എത്രകാലം നിലനിൽക്കും?. ടി ട്വൻറിയും പത്തോവർ ക്രിക്കറ്റും ഒക്കെ അരങ്ങുവാഴുന്ന കാലമാണിത്. അവിടെ പിടിച്ചുനിൽക്കാൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഈ പുതുമകൾ മാത്രം മതിയോ?.

ഇവിടെയാണ് രാഹുൽ ദ്രാവിഡിന്റെ അഭിപ്രായത്തിന്റെ പ്രസക്തി. പിങ്ക് ബോൾ ടെസ്റ്റുകൾ മാത്രമല്ല സാഹചര്യങ്ങൾ കൂടി മെച്ചപ്പെട്ടാൽ മാത്രമേ ടെസ്റ്റ്‌ ക്രിക്കറ്റിന് വേഗതയുടെ കാലത്തെ അതിജീവിച്ചു മുന്നേറാൻ സാധിക്കൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ, സാഹചര്യങ്ങൾ മെച്ചപ്പെടണം. ടീമുകളുടെ നിലവാരം ഉയരണം. അഞ്ചു ദിവസവും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനങ്ങളുമായി മത്സരിക്കുന്ന ടീമുകൾ തീർച്ചയായും കൂടുതൽ കാണികളെ ഗാലറിയിലേക്ക് ആകർഷിക്കും.

നിലവിലെ ബംഗ്ലാദേശ് ടീമിന്റെ സ്ഥിതി തന്നെ എടുക്കാം. അവർക്കു ടെസ്റ്റ്‌ പദവി ലഭിച്ചിട്ട് ഒരു ദശാബ്‌ദത്തിലേറെയായി. പക്ഷേ ഇപ്പോഴും ഒരു മുൻനിര ടെസ്റ്റ്‌ രാജ്യത്തെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ അവർക്കു കഴിയുന്നില്ല. ഏകദിനത്തിലും ട്വൻറി ട്വൻറി ക്രിക്കറ്റിലും ഏതൊരു ടീമിനെയും തോല്പിക്കാൻ സാധിക്കുന്ന ടീമായി അവർ മാറിയ അതേ കാലഘട്ടത്തിലാണ് ബംഗ്ലാദേശ് ടെസ്റ്റിൽ ഇപ്പോഴും ശൈശവദിശയിൽത്തന്നെ ഉഴറുന്നത്. രണ്ടുതവണ ടി ട്വൻറി ലോകകപ്പ് ഉയർത്തിയ അതേ കാലയളവിലെ വിൻഡീസ് ടീമിന്റെ ടെസ്റ്റിലെ പ്രകടനം നോക്കിയാലും നമുക്കിതേ അവസ്ഥ കാണാൻ സാധിക്കും.

കളിയോടുള്ള പാഷൻ എന്നതിലുപരി ഒരു വരുമാനമാർഗം എന്ന നിലയിലേക്ക് ക്രിക്കറ്റ് പരിണമിച്ചപ്പോളുള്ള മാറ്റം എന്നുപറഞ്ഞു നമുക്കിതിനെ തള്ളികളയാൻ സാധിക്കില്ല. ലോകശ്രദ്ധയാകർഷിക്കുന്ന ഒരു ഗെയിമായി ക്രിക്കറ്റ്‌ നിലനിൽക്കണമെങ്കിൽ തീർച്ചയായും അതിന്റെ ചെറുരൂപങ്ങൾ തന്നെയാണ് കൂടുതൽ മാർകറ്റ ചെയ്യപ്പെടേണ്ടത്. പക്ഷേ അതിനിടയിൽ ക്രിക്കറ്റിന്റെ പരമ്പരാഗത രൂപത്തിനും അതിന്റെതായ സ്ഥാനം ലഭിക്കണം. ടെസ്റ്റ്‌ പദവിയുള്ള രാജ്യങ്ങൾ കൂടുതൽ ടെസ്റ്റ്‌ മത്സരങ്ങൾ കളിക്കണം. അവരുടെ മികച്ച താരങ്ങളെ ടെസ്റ്റിലും അണിനിരത്താൻ അവർ തയ്യാറാവണം. കൂടുതൽ മാത്സര്യബുദ്ധിയോടെ ടീമുകൾ കളത്തിലിറങ്ങിയാൽ, കൂടുതൽ ആവേശകരമായ അന്ത്യം മത്സരങ്ങൾക്കു ലഭിച്ചാൽ, തീർച്ചയായും ടെസ്റ്റ്‌ ക്രിക്കറ്റ് ഇനിയും ഒരുപാടുകാലം ജീവിക്കും.

Leave a comment