ആധികാരിക ജയവുമായി യുവന്റസ് !!
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ ടീം ആയ ബയേർ ലെവർക്കുസനേ തോൽപ്പിച്ചു. ഗോൺസാലോ ഹിഗുവൈൻ, ഫ്രഡറികോ ബെർണാടിച്ചി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ട്യൂറിൻ പടക്ക് വേണ്ടി വലചലിപ്പിച്ചവർ. ജയത്തോടെ രണ്ടു കളികളിൽ നിന്നായി നാല് പോയിന്റ് സ്വന്തമാക്കി യുവന്റസ് ഗ്രൂപ്പ് ഡി ലീഡ് ചെയ്യുന്നു.
മത്സരഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷിയമായ ഒരു കളി അല്ല ട്യൂറിൻ കണ്ടത്. യുവന്റസിനെക്കാളും ബോൾ കൈവശം വെച്ചത് ജർമൻ ക്ലബ്ബായിരുന്നു. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ റൊണാൾഡോയുടെ കൂട്ടാളികൾക്കായി. ബെർണാടിച്ചി എന്ന യുവ ഇറ്റാലിയൻ താരം എന്തുകൊണ്ട് ആദ്യ പതിനൊന്നിൽ സ്ഥാനം അർഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഈ മത്സരം. ഈ മികവ് അദ്ദേഹം തുടർന്നാൽ റാംസെയും റാബിയോയും ബെഞ്ചിൽ ഇരിക്കേണ്ടി വരും.
റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ഗോൾ അടിക്കുന്ന 33 ആം എതിരാളികളായി ലെവർക്കുസെൻ മാറി. റയൽ മാഡ്രിഡ് ഇതിഹാസം ആയ റൗളിന്റെ റെക്കോർഡിന് ഒപ്പം ഇതോടെ റൊണാൾഡോ എത്തി.