ബലമായി വിജയം പിടിച്ചു വാങ്ങി ടോട്ടൻഹാം..
വളരെ അധികം ആവേശവും നാടകീയതയും നീണ്ട മത്സരത്തിൽ ടോട്ടൻഹാമിന് വിജയം. സ്വന്തം തട്ടകത്തിൽ സതാംപ്റ്റണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്. ടോട്ടൻഹാമിനായി എൻഡോംബിലെയും ഹാരി കൈയ്‌നും വലചലിപ്പിച്ചപ്പോൾ മുൻ ലിവർപൂൾ സ്‌ട്രൈക്കർ ആയ ഡാനി ഇങ്സ് ആണ് സതാംപ്റ്റണായി സ്കോർ ചെയ്തത്. ജയത്തോടെ 11 പോയിന്റുമായി ടോട്ടൻഹാമിന് നാലാം സ്ഥാനത്തേക്ക് ഉയർച്ച കിട്ടിയിരിക്കുന്നു.
സോൺ നൽകിയ ഒരു പാസിൽ ഒരു ലോങ്ങ് റേഞ്ച് ഷോട്ടോടെയാണ് എൻഡോംബിലെ ടോട്ടൻഹാമിന് വേണ്ടി അക്കൗണ്ട് തുറന്നത് [24′]. എന്നാൽ വെറും 34 മിനുട്ട് മാത്രം പിന്നിട്ടപ്പോൾ ആതിഥേയരുടെ ഫ്രഞ്ച് ഡിഫൻഡർ ഓറിയെർ രണ്ടു മഞ്ഞ കാർഡ് കണ്ടു കളിക്ക് പുറത്തേക്ക്. മിനിറ്റുകൾക്കുള്ളിൽ സതാംപ്ടൺ സമനില ഗോൾ കണ്ടെത്തി [39′]. ഡാനി ഇങ്സ് എന്ന പഴയ ലിവർപൂൾ സ്‌ട്രൈക്കർ ടോട്ടൻഹാം ഗോളി ലോറിസിന്റെ വലിയ ഒരു പിഴവ് മുതലാക്കി ഗോൾ ആക്കുകയായിരുന്നു. എന്നാൽ ഹാരി കെയ്ൻ വീണ്ടും ടോട്ടൻഹാമിന്റെ രക്ഷകനായി മാറുന്നതാണ് നാം കണ്ടത്. ഒരു കൌണ്ടർ അറ്റാക്കിനു ഒടുവിൽ കെയ്ൻ തന്റെ മികവ് പുറത്തെടുത്തപ്പോൾ ആതിഥേയർ വീണ്ടും മുന്നിൽ [43′].
രണ്ടാം പകുതിയിൽ സതാംപ്ടൺ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും പോച്ചട്ടിനോയുടെ കുട്ടികൾ കോട്ട കാത്തു. കളിയുടെ ഫലം ചൊവ്വാഴ്ച ജർമൻ ചാമ്പ്യന്മാരായ ബയേണിനെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്ന ടോട്ടൻഹാമിന് പ്രചോദനം നൽകും.






































