Editorial Foot Ball Top News

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂളിനെ വിറപ്പിച്ചു ഷെഫീൽഡ്

September 28, 2019

author:

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂളിനെ വിറപ്പിച്ചു ഷെഫീൽഡ്

പ്രീമിയർ ലീഗിനു കടുപ്പമേറുകയാണോ?.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്ഥിരമായി വീക്ഷിക്കുന്ന ഏതൊരാൾക്കും ഈ സംശയമുണ്ടായേക്കാം. സാധാരണയായി ടോപ് സിക്സിന്റെ പടയോട്ടം ദർശിക്കുന്ന ലീഗിൽ ഇത്തവണ കടുത്ത മത്സരമാണ്. കഴിഞ്ഞ വാരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നവാഗതരായ നോർവിച് സിറ്റി അട്ടിമറിച്ചതും, അൽപം മുൻപവസാനിച്ച മത്സരത്തിൽ ടേബിൾ ടോപ്പേഴ്‌സ് ലിവർപൂൾ ഷെഫീൽഡിനെതിരെ ഒരു ഗോളിന്റെ മാത്രം വിജയം നേടിയതും അതിന്റെ തെളിവായി കളിവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കണക്കുകൾ നോക്കിയാൽ ഏകപക്ഷീയമായിരുന്നു കളിയെന്നു തോന്നുമെങ്കിലും മികച്ചൊരു പോരാട്ടം നടത്തിയ ശേഷമാണ് ഷെഫീൽഡ് കീഴടങ്ങിയത്. പൊസഷനിൽ വന്യമായ ഭൂരിപക്ഷം ലിവർപൂളിനായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം ഷെഫീൽഡ് പന്തുമായി ലിവർപൂൾ പകുതിയിലേക്ക് നിർഭയം ആക്രമണങ്ങൾ നടത്തി. ആദ്യപകുതിയിൽ സലയും, ഫിർമിഞ്ഞോയും മാനെയുമടങ്ങിയ ലിവർപൂൾ ആക്രമണനിരയെ ഗോളടിപ്പിക്കാതെ തടുത്തുനിർത്താനും ഷെഫീൽഡ് പ്രതിരോധത്തിനു കഴിഞ്ഞു.

കിട്ടിയ അവസരങ്ങളിൽ ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചതോടെ കളി ചൂടുപിടിച്ചു. കളിയുടെ മുപ്പത്തിമൂന്നാമത്തേയും നാല്പത്തിമൂന്നാമത്തേയും മിനിറ്റുകളിൽ സാദിയോ മാനേയ്ക്കു ലഭിച്ച അവസരങ്ങൾ സെനഗൽ ഫോർവേഡ് നഷ്ടപ്പെടുത്തിയതോടെ ആദ്യപകുതി സമനിലയിൽ അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും തുടക്കത്തിൽ ഷെഫീൽഡായിരുന്നുകളത്തിൽ നിറഞ്ഞു നിന്നതെങ്കിലും പതിയെ ലിവർപൂൾ ആക്രമണനിര കാര്യങ്ങൾ ഏറ്റെടുത്തു. അൻപത്തിയാറാം മിനുട്ടിൽ ലിവർപൂളിന്റെ പെനാൽറ്റിക്കായുള്ള വാദം റഫറി തള്ളിയെങ്കിലും അറുപത്തിയൊമ്പതാം മിനുട്ടിൽ വെനാൾഡത്തിന്റെ ബോക്സിനു പുറത്തുനിന്നും തൊടുത്ത ഷോട്ട് ഷെഫീൽഡ് ഗോൾകീപ്പറെ മറികടന്നു വലയിലെത്തിയതോടെ ഷെഫീൽഡിന്റെ വെല്ലുവിളി അവസാനിച്ചു.

കളിയിലുടനീളം ലിവർപൂളിന്റെ മികവിനു കിടപിടിക്കുന്ന പ്രകടനമാണ് ഷെഫീൽഡ് താരങ്ങൾ നടത്തിയത്. താരതമ്യേന അനായാസകരമായ ഒരു ഷോട്ട് തടയുന്നതിൽ പരാജയപ്പെട്ടെങ്കിലും ഷെഫീൽഡ് ഗോളി ഹെന്ഡേഴ്സൻ മികച്ച സേവുകളുമായി കളം നിറഞ്ഞു നിന്നു. രണ്ടാം പകുതിയിൽ ജോൺ ഫ്ലെക്ക് നൽകിയ അളന്നുമുറിച്ച ക്രോസുകളിലൊന്നെങ്കിലും ഷെഫീൽഡ് മുന്നേറ്റനിര കൃത്യമായി കണക്ട് ചെയ്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനേ. മുന്നേറ്റനിരയുടെ പരിചയമില്ലായ്മയാണ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനു വിനയായത്. എങ്കിലും ഷെഫീൽഡ് താരങ്ങൾ തലയുയർത്തിയാണ് കളത്തിൽ നിന്നും മടങ്ങിയത്. ഇക്കൊല്ലം ലീഗ് കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കുന്ന ലിവർപൂളിനെ വെള്ളം കുടിപ്പിച്ച ശേഷമാണ് അവർ കീഴടങ്ങിയത്.

തുടർച്ചയായ ഏഴാം വിജയവുമായി ലീഗിൽ ലിവർപൂൾ ജൈത്രയാത്ര തുടരുകയാണ്. പോയൻറ് ടേബിളിൽ 21 പോയിന്റുമായി അവർ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. പക്ഷേ ടോപ് സിക്സിലെത്താൻ കുഞ്ഞൻ ടീമുകൾ ആഞ്ഞു ശ്രമിക്കുമ്പോൾ മുൻ ചാംപ്യൻ മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയൻറ് പട്ടികയിൽ പതിനൊന്നാമതാണ്, ചെൽസിയാകട്ടെ എട്ടാമതും. ലീഗിലെ കുഞ്ഞൻമാരുടെ പ്രകടനത്തിനുമുന്നിൽ വമ്പന്മാർക്കു കാലിടറുമോ?.

Leave a comment