ബാഴ്സലോണയുടെ രക്ഷകന്‍ ആയി അവതരിച്ച് ഫെറാൻ ടോറസ് !!!!!!
പകരക്കാരനായ ഫെറാൻ ടോറസ് കത്തി മിന്നിയ മല്‍സരത്തില്‍ ബാഴ്സലോണ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പ്പിച്ചു.ഫെറാണ്‍ ഇന്നലെ രണ്ടു ഗോളുകള്‍ നേടി.സ്ട്രൈക്കര്‍ ലെവന്‍ഡോസ്ക്കിക്ക് ഗോള്‍ നേടാന്‍ കഴിയാതെ പോയ മല്‍സരത്തില്‍ ഫെറാണ്‍,യമാല്‍,റഫീഞ്ഞ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.ഗോള്‍ ഒന്നും നേടിയില്ല എങ്കിലും രണ്ടും മൂന്നും ഗോളുകള്‍ക്ക് വഴി ഒരുക്കിയ യമാല്‍ ആണ് മല്‍സരത്തിലെ താരം.
ആദ്യ പകുതിയില്‍ ഇരു ടീമുകളും അക്രമിച്ച് കളിച്ചു എങ്കിലും ഗോള്‍ ഒന്നും നേടാന്‍ ആയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മാത്രം അഞ്ചു ഗോളുകള്‍ ആണ് പിറന്നത്.ഓല്‍മോ ഒരുക്കിയ അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് റഫീഞ്ഞയാണ് ആദ്യമായി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.അതിനു ശേഷം പെനാല്‍ട്ടിയിലൂടെ സെർഹോ ഗുയ്‌റാസി മഞ്ഞപ്പടയെ സമനിലയിലേക്ക് എത്തിച്ചു.പൊരുതി കളിച്ച ബാഴ്സക്ക് 75 ആം മിനുട്ടില്‍ മികച്ച ഒരു അവസരം ലഭിച്ചു.ഓല്‍മോക്ക് പകരം വന്ന ഫെര്‍മിന്‍ അടിച്ച ഷോട്ടിന്‍റെ റീബൌണ്ട് വലയില്‍ എത്തിച്ച് ഫെറാണ്‍ ടോറസ് മികവ് തെളിയിച്ചു.വീണ്ടും സെർഹോ ഗുയ്‌റാസി സ്കോര്‍ സമനിലയാക്കി.ഇത്തവണ ബാഴ്സ പ്രതിരോധത്തിന്‍റെ പിഴവ് മൂലം ആണ് അത് സംഭവിച്ചത്.എന്നാല്‍ 85 ആം മിനുട്ടിലെ കോര്‍ണര്‍ കിക്കില്‍ നിന്നും ആരംഭിച്ച കൌണ്ടര്‍ ബോറൂസിയയുടെ വലയില്‍ എത്തിച്ച് ഫെറാണ്‍ ഒരിക്കല്‍ കൂടി ബാഴ്സയുടെ രക്ഷകന്‍ ആയി.