വിഷാദ റോഖം , മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ആത്മഹത്യ ചെയ്തു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ഡേവിഡ് ജോൺസൺ വ്യാഴാഴ്ച ബെംഗളൂരുവിലെ കോതനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അപ്പാർട്ട്‌മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു.52 കാരനായ ജോൺസൺ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലീസ് സംശയിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന ഇനിയും വരാനുണ്ട്. എസ്എൽവി പാരഡൈസ് അപ്പാർട്ട്‌മെൻ്റിൻ്റെ നാലാം നിലയിൽ നിന്നാണ് ജോൺസൺ വീണതെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ക്രിക്കറ്റ് താരം മരണത്തിന് കീഴടങ്ങി.
ജോൺസൺ വിഷാദരോഗിയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു. കോതനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.ഒരു വർഷമായി ജോൺസൺ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയായി ജോൺസൺ ആശുപത്രിയിൽ കഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഹ്രസ്വകാല പ്രവർത്തനത്തിന് പേരുകേട്ട മുൻ ഫാസ്റ്റ് ബൗളറായിരുന്നു ജോൺസൺ. 1996ൽ ഇന്ത്യക്കായി രണ്ട് ടെസ്റ്റ് കളിച്ച അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 125 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ മണിക്കൂറിൽ 157.8 കിലോമീറ്റർ വേഗതയില്‍ പന്ത് എറിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹൈ ലൈറ്റ്.