ഷാക്തറിൽ നിന്നും മുഡ്രിക്കിനെ സ്വന്തമാക്കി ചെൽസി.!
ചെൽസി അവരുടെ സൈനിങ്ങുകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോണിൽ ജൊവാവോ ഫെലിക്സിനെ സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ ഷാക്തർ ഡൊണെറ്റ്സ്കിൽ നിന്നും യുക്രേനിയൻ താരം മിഖൈലോ മുഡ്രിക്കിനെ കൂടി ചെൽസി സ്വന്തം കൂടാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. മറ്റൊരു പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനൽ നോട്ടമിട്ടിരുന്ന താരമായിരുന്നു മുഡ്രിക്ക്. എന്നാൽ ചെൽസി ഈയൊരു റെയ്സിൽ വിജയിക്കുകയായിരുന്നു.
താരത്തിനായി ഷാക്തർ മുന്നോട്ട് വെച്ചിരുന്ന 100 മില്യൺ യൂറോയുടെ പാക്കേജ് ചെൽസി അംഗീകരിക്കുകയായിരുന്നു. മെഡിക്കലിനും മറ്റുമായി താരം ഇന്ന് തന്നെ ലണ്ടനിൽ എത്തിച്ചേരും. 2030 വരെയുള്ള 7 വർഷ ദീർഘകരാർ ആണ് മുഡ്രിക്കിന് ചെൽസി നൽകിയിരിക്കുന്നത്. നിരവധി പ്രധാനപ്പെട്ട താരങ്ങൾ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിൽ ഈയൊരു സൈനിങ് ചെൽസിയുടെ പ്രകടനത്തിന് ഗുണം ചെയ്യുമെന്ന് ആണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും, താരത്തിന് ചെൽസിയിൽ എത്രത്തോളം മികവ് പുറത്തെടുക്കാൻ കഴിയുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.