രണ്ടിൽ രണ്ടും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ; പൊരുതി വീണ് ബംഗ്ലാദേശ്.!
ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ചിറ്റാഗോങ്ങിൽ നടന്ന ആദ്യ ടെസ്റ്റിൽ 188 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരഫലമായിരുന്നു പരമ്പര നിർണയിക്കുന്നത്. ഈയൊരു മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 227 റൺസ് ആയിരുന്നു നേടിയത്. അതിന് മറുപടി ആയി ബാറ്റ് ചെയ്ത ഇന്ത്യ 314 റൺസ് നേടിക്കൊണ്ട് ആദ്യ ഇന്നിംഗ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി.
തുടർന്ന് അവസാന ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ബംഗ്ലാദേശ് 231 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 145 റൺസ് മാത്രമായി. എന്നാൽ അനായാസ വിജയം പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ബംഗ്ലാ ബൗളിംഗ് നിര ഉയർത്തിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈയൊരു വിജയലക്ഷ്യം മറികടന്നത്. 34 റൺസ് നേടിയ അക്സർ പട്ടേലും, 42 റൺസ് നേടിയ അശ്വിനും, 29 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് തകർച്ചയിൽ നിന്നും ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.
ഒപ്പം 13 റൺസ് നേടിയ ഉനാദ്കട്ടിനുമൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ ആയില്ല. 1 റൺസുമായി മടങ്ങിയ വിരാട് കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച 2 വിക്കറ്റ് നേടിയത് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ ആയിരുന്നു. ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയിക്കുമെന്ന് വരെ കരുതിയതാണ്. ഒടുവിൽ അശ്വിനും ശ്രേയസും ചേർന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയതീരം അണിയിച്ചത്. ഈയൊരു വിജയത്തോടെ 2 മത്സരപരമ്പര ഏകപക്ഷീയമായി സ്വന്തമാക്കുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
2 ഇന്നിംഗ്സുകളിലുമായി 6 വിക്കറ്റും ആകെ 54 റൺസും നേടിയ രവിചന്ദ്രൻ അശ്വിനാണ് കളിയിലെ താരം. പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ചെതേശ്വർ പുജാരയാണ് മാൻ ഓഫ് ദി സീരീസ്. എന്തായാലും ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതായി ഈയൊരു വിജയം.