ഇഷാൻ കൊടുങ്കാറ്റായി, ആഞ്ഞടിച്ച് കോഹ്‌ലിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ.!
ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ. ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷനും, സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയും കളംനിറഞ്ഞ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 410 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ശിഖർ ധവാൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് വന്ന കോഹ്‌ലിയെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ ഇന്ത്യൻ ഇന്നിംഗ്സിൻ്റെ വേഗം കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് 190 ബോളുകൾ നേരിട്ടപ്പോൾ ഈയൊരു കൂട്ടുകെട്ടിൽ പിറന്നത് 290 റൺസ് ആണ്.
131 പന്തുകൾ നേരിട്ട ഇഷാൻ 24 ഫോറുകളുടെയും, 10 സിക്സറുകളുടെയും അകമ്പടിയോടെ നേടിയത് 210 റൺസ്. അന്താരാക്ഷ്ട്രി ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. 126 പന്തുകൾ മാത്രമാണ് 200 കടക്കാൻ ഇഷാന് വേണ്ടിവന്നത്. ഇഷാൻ പുറത്തായതിന് ശേഷം കോഹ്‌ലിയും തൻ്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 91 പന്തിൽ നിന്നും 11 ഫോറുകളുടെയും, 2 സ്‌ക്സറുകളുടെയും അകമ്പടിയോടെ 113 റൺസ് ആണ് താരം നേടിയത്. ശേഷം 344ന് 5 എന്ന നിലയിൽ ഇന്ത്യ പരുങ്ങിയെങ്കിലും സുന്ദറിൻ്റെയും (37), അക്സർ പട്ടേലിൻ്റെയും (20) ഇന്നിംഗ്സുകൾ ഇന്ത്യയെ 400 കടത്തുകയായിരുന്നു. ഒടുവിൽ 50 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 409 എന്ന കൂറ്റൻ സ്കോർ.
ബംഗ്ലാദേശിനായി ഷക്കീബ്, തസ്കിൻ, എബാഡോട്ട് എന്നിവർ 2 വിക്കറ്റ് വീതം നേടി. 89 റൺസ് വഴങ്ങിയ തസ്കിനും, 80 റൺസ് വഴങ്ങിയ എബാഡോട്ടുമാണ് ബംഗ്ലാ നിരയിൽ ഏറ്റവുമധികം തല്ല് വാങ്ങിയത്. എന്തായാലും ഇന്ത്യയുടെ ഈയൊരു കൂറ്റൻ വിജയലക്ഷ്യം പിന്തുടരുവാൻ ബംഗ്ലാദേശിന് കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.