ഇരട്ടസെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്.!
ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിൽ ഇഷാൻ കിഷന് ഇരട്ട സെഞ്ചുറി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് പരമ്പര നഷ്ടമായതിനാൽ ഒരു ആശ്വാസ ജയത്തിനായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കംതന്നെ ധവാൻ്റെ വിക്കറ്റ് നഷ്ടമായി. തുടർന്ന് ക്രീസിൽ എത്തിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഇഷാൻ ആഞ്ഞടിക്കുകയായിരുന്നു. 81 പന്തിൽ ശതകം നേടിയ കിഷന് അടുത്ത 100 റൺസ് പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും 45 ബോൾ മാത്രം.
അങ്ങനെ 126 പന്തിൽ ഇരട്ടശതകം പൂർത്തിയാക്കിയ ഇഷാൻ കിഷൻ അന്താരാക്ഷ്ട്ര ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഇരട്ടശതകം പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. 131 പന്തുകളിൽ നിന്നും 210 റൺസ് നേടിക്കൊണ്ട് കിഷൻ പുറത്താകുമ്പോൾ ഇന്ത്യ 35.5 ഓവറിൽ 305 റൺസ് എന്ന നിലയിൽ ആയിരുന്നു. 24 ഫോറുകളും, 10 സിക്സറുകളുമാണ് താരത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. എന്തായാലും താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സിനാണ് ചിറ്റഗോങ്ങിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
ഇന്ത്യക്കായി ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് ഇഷാൻ കിഷൻ. സച്ചിൻ, സേവാഗ്, രോഹിത് തുടങ്ങിയവരാണ് ഇഷാൻ്റെ മുൻഗാമികൾ. രോഹിത് ശർമയാണ് (3) ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറികൾ അന്താരാക്ഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.